റമദാനില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും പ്രത്യേക പെര്‍മിറ്റ് വാങ്ങണമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി. റസ്റ്ററന്റുകള്‍ക്കും, ഷോപ്പിംഗ് മാളുകള്‍ക്കും രണ്ട് തരത്തിലുള്ള പെര്‍മിറ്റാണ് അനുവദിക്കുക. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയും നടത്തും.
റമദാന്‍ മാസം ഭക്ഷണം പാചകം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമാണ് ഷാര്‍ജ മുനിസിപ്പാലിറ്റി പ്രത്യേക പെര്‍മിറ്റ് നല്‍കുന്നത്. ഇതിനുള്ള മാദണ്ഡങ്ങളും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചു. നോമ്പ് സമയം അവസാനിക്കുന്നതിനു മുമ്പായി റസ്റ്ററന്റുകളുടെ മുന്‍വശത്തായി ഭക്ഷണ സാധനങ്ങള്‍ വെക്കുന്നതിനും വില്‍പന നടത്തുന്നതിനുമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലെ റസ്റ്ററന്റുകള്‍ക്ക് മൂവായിരം ദിര്‍ഹമാണ് പെര്‍മിറ്റ് ഫീസ്. നോമ്പ് സമയം ഭക്ഷണം പുറത്തു നിന്ന് നല്‍കണം. ഡൈനിംഗ് ഏരിയ അനുവദിക്കില്ല. റസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് അഞ്ഞൂറ് ദിര്‍ഹമാണ് പെര്‍മിറ്റ് ഫീസ്. കടയുടെ മുന്‍വശത്തായി പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തണം. ഗ്ലാസ് ബോക്‌സുകള്‍ക്കുള്ളില്‍ ലോഹ പാത്രങ്ങളില്‍ മാത്രമേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാടുള്ളു.
അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങള്‍ മൂടണം. ഉചിതമായ താപനിലയില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എമിറേറ്റിലെ വിവിധ സേവന കേന്ദ്രങ്ങള്‍ വഴി പെര്‍മിറ്റിനായി അപേക്ഷിക്കാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.