ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നതിന് യെമനിലെ ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി യു.എസ്-യു.കെ സഖ്യം. യെമനിലെ എട്ട് കേന്ദ്രങ്ങള്‍ക്ക് നേരെ ആണ് ആക്രമണം. ഇതിനിടെ ഹൂത്തി ഭീഷണി നേരിടുന്നതിന് ചെങ്കടലില്‍ സൈന്യത്തെ വിന്യസിക്കും എന്ന് ന്യൂസിലന്‍ഡും അറിയിച്ചു.ചെങ്കടല്‍ വഴി സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി വിമതര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആണ് അമേരിക്കന്‍ സഖ്യം പ്രത്യാക്രമണം കടുപ്പിക്കുന്നത്. യെമന്‍ തലസ്ഥാനമായ സനായിലെ എട്ട് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് യു.എസ്-യുകെ സഖ്യം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഹൂ്ത്തികളുടെ ഒരു ഭൂഗര്‍ഭ സംഭരണകേന്ദ്രം അടക്കമാണ് യു.എസ് സഖ്യം ആക്രമിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു. ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം സുഗമമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. സനായില്‍ വ്യോമാക്രണം ഉണ്ടായെന്ന് ഹൂത്തി ടി.വിയും സ്ഥിരീകരിച്ചു.ജനുവരി പതിനൊന്നിന് ശേഷം യുഎസ്-യുകെ സഖ്യം ഹൂത്തികള്‍ക്ക് നേരെ നടത്തുന്ന രണ്ടാമത്തെ സംയുക്ത ആക്രമണം ആണ് ഇത്.
ഓസ്‌ട്രേലിയ,കാനഡ,ബഹ്‌റൈന്‍, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കന്‍ സഖ്യത്തില്‍ ഉണ്ട്. സഖ്യത്തിന്റെ ഭാഗമാകുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലുക്‌സന്‍ അറിയിച്ചു. കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി നിര്‍ണ്ണായകമായ സമൂദ്രപാദ അടയ്ക്കുന്നതിനാണ് ഹൂത്തികള്‍ ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.