മണിപ്പൂരില് സമാധാനം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മണിപ്പൂരിലെ ക്രമസമാധനപ്രശ്‌നങ്ങള്‍ പതിയെ മാറികൊണ്ടിരിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
മണിപ്പൂരില് നടത്തിയ സന്ദര്‍ശനത്തെ സംബന്ധിച്ച് സംസാരിക്കവെയാണ് മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആര്‍എസ്എസ് ചീഫ് പ്രതികരിച്ചത്. മണിപ്പൂരില്‍ തീര്‍ച്ചയായും സമാധാനം പുലരും. എന്നാല്‍ അതിന് സമയമെടുക്കും. ക്രമസമാധാനപ്രശ്‌നങ്ങള്‍ കുറഞ്ഞുവരികയാണെന്നും ഒരു വര്‍ഷത്തിനകം അതെല്ലാം ഇല്ലാതാകുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ നിരവധി ഗോത്രവിഭാഗതലവന്‍മാരോടും സാമൂഹിക നേതാക്കളോടും മോഹന്‍ ഭാഗവത് സംസാരിച്ചിരുന്നു. മനസുകള്‍ തമ്മിലുള്ള അകല്‍ച്ച രൂക്ഷമാണ്. അത് മാറാന്‍ കാലങ്ങളെടുക്കുമെന്നും സംഭാഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യം നേടിയെടുക്കാന്‍ സാധിക്കൂവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രണ്ട് വംശജര്‍ക്കിടയില്‍ മണിപ്പൂരിലുണ്ടായ കലാപത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന് ശേഷം ആദ്യമായിട്ടായിരുന്നു മോഹന്‍ ഭാഗവത് മണിപ്പൂര്‍ സന്ദര്‍ശിച്ചത്.



