അമേരിക്കയുടെ എതിര്‍പ്പ് തള്ളി ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. ലബനനില്‍ കരയുദ്ധം വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തുന്നതിന് ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക രംഗത്ത് എത്തിയിരുന്നു.ബെയ്‌റൂത്തില്‍ ആക്രമണം നടത്തരുതെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.എന്നാല്‍ ഇതിന് വഴങ്ങാതെ ബെയ്‌റൂത്തില്‍ ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. പ്രാദേശികസമയം ഏഴ് മണിയോട് കൂടിയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.
ഇസ്രയേല്‍ സൈന്യം ഒഴിഞ്ഞുപോകലിന് നിര്‍ദ്ദേശം നല്‍കി ഒരു മണിക്കൂറിനുള്ളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ പത്തിന് ബെയ്‌റൂത്തിലെ ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേരാണ് കൊല്ലപ്പെട്ടത്. മുന്നറിയിപ്പ് പോലും നല്‍കാതെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.ഈ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാല്‍ ഇന്ന് നടന്ന ആക്രമണം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയത് ആണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു.
ലബനനില്‍ കരയുദ്ധം വ്യാപിപ്പിക്കുന്നതിന് ഇസ്രയേല്‍ നീക്കം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലബനന്റെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്കും സിറിയന്‍ അതിര്‍ത്തിയിലേക്കും സൈനിക നീക്കം നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ലബനനിലെ മാനുഷികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും എന്നാണ് ആശങ്ക.നിലവില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആണ് ലബനനില്‍ തെരുവുകളില്‍ കഴിയുന്നത്.