യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചതില്‍ ഉരുണ്ടുകളിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് ബാഗേജ് അലവന്‍സ് നേരത്തെയും ഇരുപത് കിലോഗ്രാം ആയിരുന്നു എന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നത്.ബാഗേജ് അലവന്‍സില്‍ മാറ്റം വരുത്തിയിരിക്കുന്നത് കോര്‍പ്പറേറ്റ് ബുക്കിംഗുകള്‍ക്ക് മാത്രമാണെന്നും എയര്‍ലൈന്‍ അറിയിച്ചു.
യുഎഇ ഒഴികെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ബാഗേജ് അലവന്‍സ് മുപ്പത് കിലോ ഗ്രാമും യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ളവര്‍ക്ക് ഇരുപത് കിലോഗ്രാമും ആണെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇത് മാറ്റമില്ലാതെ തുടരും എന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് പറയുന്നുണ്ട്.എന്നാല്‍ മുന്‍കാലങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് മുപ്പത് കിലോഗ്രാം സൗജന്യ ബാഗേജ് യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നു.ഇത് മറച്ചുവെച്ചുകൊണ്ടാണ് നേരത്തേയും ഇരുപത് കിലോഗ്രാം തന്നെയാണ് അനുവദിച്ചിരുന്നത് എന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നത്.
യുഎഇയില്‍ നിന്നുള്ളയാത്രക്കാര്‍ക്ക് ഇരുപത് കിലോഗ്രാമില്‍ കൂടുതല്‍ ബാഗേജ് അലവന്‍സ് വേണമെങ്കില്‍ അധിക പണം നല്‍കി വാങ്ങാം എന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അഞ്ച് കിലോഗ്രാമിന് അന്‍പത് ദിര്‍ഹവും പത്ത് കിലോഗ്രാമിന് എഴുപത്തിയഞ്ച് ദിര്‍ഹവും ആണ് നിലവില്‍ അധിക ബാഗേജ് അലവന്‍സിന് നിരക്ക്. ഇത് പ്രമോഷന്റെ ഭാഗമായുള്ള കുറഞ്ഞ നിരക്കാണെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നുണ്ട്.