ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. 2024 ഡിസംബര്‍ 30ാം തിയതിയാണ് പിഎസ്എല്‍വിസി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. നിരവധി തവണ മാറ്റിവെച്ച ശേഷണാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. സ്വന്തം സ്‌പേസ് സ്റ്റേഷനുള്‍പ്പെടെ ഇന്ത്യന്‍ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പേഡെക്‌സ്.
ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാന്‍-4 എന്നീ പദ്ധതികള്‍ക്കും മുതല്‍ക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചിലവിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ് എന്നും എക്‌സില്‍ കുറിച്ചു.