ഫലം കാണാതെ ഈജിപ്തില്‍ നടക്കുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍.
ഇസ്രയേലും ഹമാസും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാത്തതാണ് പ്രതിസന്ധി.ഇതിനിടയില്‍ ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റമുട്ടല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചു.ഇന്നലെ നടന്ന ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു.ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും പ്രതീക്ഷ പകരുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും പുറത്തുവരുന്നില്ല. ഹമാസിന്റെയും ഇസ്രയേലിന്റെയും വിട്ടുവീഴ്ച്ചകള്‍ ഇല്ലാത്ത സമീപനങ്ങളാണ് ചര്‍ച്ചയുടെ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥര്‍ ശുപാര്‍ശ ചെയ്ത വിട്ടുവീഴ്ച്ചകളോട് ഇരുകൂട്ടരും സഹകരിക്കുന്നില്ല. ഈ നിലപാട് തുടര്‍ന്നാണ് ചര്‍ച്ചകളുടെ ഫലം എന്താകും എന്നകാര്യത്തില്‍ മധ്യസ്ഥരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ജൂലൈയ് രണ്ടിന് അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറം മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്. വെടിനിര്‍ത്തല്‍ നടപ്പാക്കിയാലും ഗാസയിലെ രണ്ട് മേഖലകളില്‍ സൈന്യം തുടരും എന്ന ഇസ്രയേല്‍ നിലപാടാണ് ചര്‍ച്ചകളുടെ മുന്നോട്ട് പോക്ക് പ്രധാനമായും തടസ്സപ്പെടുത്തുന്നത്.അതെസമയം ഇന്നലെ നടന്ന ഇസ്രയേല്‍-ഹിസ്ബുള്ള ആക്രമണങ്ങള്‍ മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹിസ്ബുളള ഇസ്രയേലിലേക്കും ഇസ്രയേല്‍ ലബനനിലേക്കും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണം ആയിരുന്നു ഇരുകൂട്ടരും ഇന്നലെ നടത്തിയത്.
ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രയേലില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ലബനന്‍ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ നടന്ന ആക്രമണത്തില്‍ ആണ് ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടത്.