വി.എസ്.എസ്.സി പരീഷയിലെ കോപ്പിയടി സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടിക്കായി ഏറെ നാളത്തെ ആസൂത്രണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിർമിച്ചതാണ്. മൊബൈൽ ഫോണിനു പുറമെ പ്രത്യേകമായി നിർമിച്ച ഹെഡ്‌സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാർഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് പ്രത്യേക കണ്ട്രോള്‍ റൂമിൽ നിന്ന് ആണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഈ കേന്ദ്രത്തിൽ നിന്നുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹരിയാന കേന്ദ്രീകരിച്ച പ്രത്യേക കണ്ട്രോൾ റൂം ഇതിനായി സജ്ജീകരിച്ചിരുന്നു. വലിയ തുക വാങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. മറ്റ് ചില പരീക്ഷകളും സംശയത്തിന്റെ നിഴലിലാണ്. 2022-ൽ ഡിഫൻസിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ 29 ഹരിയാന സ്വദേശികളെ പിടികൂടിയിരുന്നു. നിലവിലെ കോപ്പിയടിയുമായി ഇതിനു എന്തെകിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.
അതിനിടെ വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.