പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഒരു നീക്കത്തോടും യോജിക്കാനാവില്ലെന്ന് അമേരിക്കയെ അറിയിച്ച് യുഎഇ.അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോയെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് യുഎഇയുടെ നിലപാട് അറിയിച്ചത്.അബുദബിയില്‍ ആയിരുന്നു കൂടിക്കാഴ്ച
പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ യുഎഇയില്‍ .പലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുന്നത് ലക്ഷ്യമിട്ടുള്ള ഏതൊരു നീകത്തേയും നിരസിക്കുന്നതായി യുഎഇ പ്രസിഡന്റ് നിലപാട് വ്യക്തമാക്കി.മേഖലയെ സമാധാനത്തിലേക്ക് നയിക്കുന്നതിന് ദ്വിരാഷ്ട്രപരിഹാരം അടിസ്ഥാനമാക്കിയുള്ള ശ്രമങ്ങള്‍ ആണ് വേണ്ടത്.ഗാസയുടെ പുനര്‍നിര്‍മ്മാണവും പ്രശ്‌നപരിഹാരശ്രമങ്ങളുടെ ഭാഗമാകണം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.
മേഖലയുടെ സമാധാനത്തിന് ഭീഷണിയാകും വിധം സംഘര്‍ഷം വ്യാപിക്കുന്നത് തടയണം എന്നും യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.
അധിനിവേശ പലസ്തീന്‍ പ്രദേശത്തെ സംഭവവികാസങ്ങളും ഗാസ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നും യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ വികസിപ്പിക്കും എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി യുഎഇ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.പലസ്തീനികള്‍ക്ക് സ്വന്തമായി രാജ്യം എന്നതാണ് യുഎഇയുടെ എക്കാലത്തേയും നിലപാട്.