മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ കേസെടുക്കാൻ വിജിലൻസ് നീക്കം. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തിയെന്നും വലിയതോതിൽ ക;ള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വിജിലൻസ് നീക്കം. സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് മാത്യു കുഴൽനാടനെതിരെ പരാതി നൽകിയത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം.
നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു കുഴൽനാടൻ സ്വന്തമാക്കിയതെന്ന് പരാതിയിൽ പറയുന്നു. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇതുവഴി കുഴൽനാടൻ വെട്ടിച്ചതായാണ് ആരോപണം.
തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ മാത്യു പങ്കാളിയായ നിയമ സ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടി രൂപയാണ്. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതെന്നത് സംശയകരമാണെന്നു സി.എൻ.മോഹനൻ പറയുന്നു.