ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ടിന് സമാനമായി ദുബൈയില്‍ ഭാരത് മാര്‍ട്ട് വരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും ചേര്‍ന്ന് ഭാരത് മാര്‍ട്ടിന്റെ ശിലാസ്ഥാപനം നടത്തി. ഇരുപത്തിയേഴ് ലക്ഷം ചതുരശ്രമീറ്ററില്‍ ആണ് വന്‍ വാണിജ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്.ദുബൈയില്‍ നടന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമും ചേര്‍ന്ന് ഭാരത് മാര്‍ട്ട് പദ്ധതിക്ക് തുടക്കമിട്ടത്.
2026-ല്‍ ഭാരത് മാര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ജബല്‍അലി ഫ്രീ സോണലാണ് ഭാരത് മാര്‍ട്ട് ആരംഭിക്കുക. ഇന്ത്യന്‍ ഉത്പന്നങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും മികച്ച വിപണി കണ്ടെത്തുകയും ആണ് ഭാരത് മാര്‍ട്ടിന്റെ ലക്ഷ്യം. 1500 ഓളം ഷോപ്പുകള്‍ ഭാരത് മാര്‍ട്ടിലുണ്ടാകും. ഏഴ് ലക്ഷം ചതുരശ്രമീറ്ററില്‍ ആയിരിക്കും വെയര്‍ഹൗസ് സൗകര്യം.പദ്ധതിയുടെ ആദ്യഘട്ടം പതിമൂന്ന് ലക്ഷം ചതുരശ്രമീറ്ററിലാണ് നിര്‍മ്മിക്കുന്നത്. ഡി.പി വേള്‍ഡും ഇന്ത്യന്‍ വാണിജ്യമന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക എന്നാണ് വിവരം. പദ്ധതിയുടെ അന്തിമ രൂപം ആയിട്ടില്ല. ഡി.പി വേള്‍ഡിനായിരിക്കും ഭാരത് മാര്‍ട്ടിന്റെ നടത്തിപ്പ് ചുമതല ്. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ സംഭരണം,ചില്ല-മൊത്ത വ്യാപാരം,പുനര്‍കയറ്റുമതി എന്നിവ എല്ലാം ഭാരത് മാര്‍ട്ട് എന്ന ഒറ്റകേന്ദ്രത്തില്‍ നിന്നും സാധിക്കും വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വലിയ യന്ത്രസാമഗ്രികള്‍ മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വരെ വിവിധ തരം ഉത്പന്നങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രമായിരിക്കും ഭാരത് മാര്‍ട്ട്.
കയറ്റുമതിക്കാര്‍ക്ക് ദുബൈ കേന്ദ്രമായി രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണികള്‍ കണ്ടെത്തുന്നതിനും ഭാരത് മാര്‍ട്ട് പ്രയോജനപ്പെടും. ഇന്ത്യന്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ അവസരം തുറക്കുന്നതായിരിക്കും ഭാരത് മാര്‍ട്ട് എന്ന് ഡിപി വേള്‍ഡ് സി.ഇ.ഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായേം പറഞ്ഞു. ഇന്ത്യന്‍ ചെറുകിട ഇടത്തരം വ്യവസായികള്‍ക്ക് പുതിയ വിപണികളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ആയി ഭാരത് മാര്‍ട്ട് മാറും എന്നും ഡിപി വേള്‍ഡ് വ്യക്തമാക്കുന്നുണ്ട്.