ദുബൈയില്‍ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ റോഡില്‍ പ്രതിദിനം ഒരു ദശലക്ഷം വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയില്‍ പത്ത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തി.
ദുബൈ പ്രോജക്ട്ര് മാനേജ്‌മെന്റ് ഫോറത്തില്‍ ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹ്‌സിന്‍ ഇബ്രാഹീം കല്‍ബത്താണ് ദുബൈയില്‍ റോഡിലെ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.
എമിറേറ്റില്‍ കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ നഗര ഗതാഗതത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതായി ഇബ്രഹീം കല്‍ബത്ത് അറിയിച്ചു. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള വാഹന തിരക്ക് കുറക്കാന്‍ പൊതുഗതാഗത സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മെട്രോ, ട്രാം, ടാക്‌സി, ബസ്, മറൈന്‍ സേവനങ്ങളില്‍ എന്നിവയിലൂടെ പ്രതിദിനം ഒരുദശലക്ഷം വാഹനങ്ങള്‍ക്ക് തുല്യമായ തിരക്ക് കുറക്കാന്‍ സാധിക്കുന്നതായി ഇബ്രഹീം കല്‍ബത്ത് കൂട്ടിച്ചേര്‍ത്തു. 2050 ഓടെ ഇത് 250 കോടി വാഹങ്ങള്‍ക്ക് തുല്യമായ എണ്ണത്തിലേക്ക് എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതോടെ നഗരത്തിലെ പൊതുഗതാഗതം കൂടുതല്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കും.
എമിറേറ്റിലെ ജനസംഖ്യാവര്‍ദ്ധനയ്ക്ക് ആനുപാതികമായുള്ള ഗതാഗത വികസന പദ്ധതികളും നടപ്പിലാക്കുന്നതായി ഇബ്രഹീം കല്‍ബത്ത് അറിയിച്ചു. ലോകത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് പൊതുഗതാഗത ഉപയോഗത്തില്‍ ദുബൈ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. 2024 ന്റെ ആദ്യപകുതിയില്‍ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 360 ദശലക്ഷം പിന്നിട്ടു.