ദുബൈ: പാര്‍ക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി പാര്‍ക്ക് ഇന്‍ കമ്പനി. ഉപയോക്താക്കള്‍ക്കായി ഓട്ടോപേയും, പേ ലേറ്റര്‍ സേവനങ്ങളും ആസൂത്രണം ചെയ്യുന്നതായി കമ്പനി അറിയിച്ചു. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ മറ്റര്‍ അല്‍ തായര്‍ പാര്‍ക്ക് ഇന്‍ കമ്പിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ സേവനം ആരംഭിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനം. ദുബൈയില്‍ വാഹന പാര്‍ക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. പാര്‍ക്കിംഗ് ഫീസുകള്‍ ഈടാക്കുന്നതിന് ഓട്ടോ പേ സംവിധാനവും പിന്നീട് പണം അടക്കുന്നതിനുള്ള പേ ലേറ്റര്‍ സേവനവും ആരംഭിക്കുന്നതിനാണ് തീരുമാനം. എമിറേറ്റിലെ പൊതു പാര്‍ക്കിംഗ് മേഖലകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃതമാക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ക്ക് ഇന്‍ കമ്പനി അറിയിച്ചു. ദുബൈയിലുടനീളം പാര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി പാര്‍ക്ക് ഇന്‍ സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി അറിയിച്ചു. സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കസ്റ്റമര്‍ കോള്‍ സെന്ററും ആരംഭിക്കും. നഗരത്തിലെ തെരഞ്ഞെടുത്ത പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ നല്‍കുമെന്ന് പാര്‍ക്ക് ഇന്‍ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വാഹനം കഴുകല്‍, ഇന്ധനം നിറക്കല്‍, ഓയില്‍ മാറ്റം, ടയര്‍ പരിശോധനകള്‍, ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനാണ് തീരുമാനം.