ദുബൈ: നഗരത്തിലെ ഗതാഗത നിരീക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ആര്‍ടിഎയുടെ ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് പദ്ധതിയുടെ വിപുലീകരണവും പഠനവും പ്രഖ്യാപിച്ചു. 2026 ഓടെ എമിറേറ്റിലെ റോഡുകളില്‍ നൂറ് ശതമാനവും നിരീക്ഷണം നടപ്പിലാക്കും. നഗരഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും സുരക്ഷിത യാത്ര ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള പഠനവും രൂപകല്‍പനയും ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ റോഡുകളിലെ നിരീക്ഷണ സംവിധാനം നൂറ് ശതമാനമാക്കി വര്‍ദ്ധിപ്പിക്കും. ഇതോടെ ഐ.ടി.എസ് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ ദൈര്‍ഘ്യം 480 കിലോ മീറ്ററില്‍ നിന്നും 710 ആയി വര്‍ദ്ധിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 116 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. ഇതോടെ നിരീക്ഷണ കാമറുകളുടെ എണ്ണം 311 ആയി. വാഹനങ്ങളുടെ എണ്ണം നിരീക്ഷിക്കുന്നതിനുള്ള 227 ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 112 വി.എം.എസ് സംവിധാനം, റോഡിന്റെ അവസ്ഥയെ കുറിച്ചും തത്സമയ വിവരങ്ങള്‍ അറിയുന്നതിനും വാഹനങ്ങളുടെ വേഗത അളക്കുന്നതിനും കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു. പദ്ധതിയ്ക്കായി 660 കിലോ മീറ്റര്‍ വൈദ്യുത ലൈനുകളും 820 കിലോ മീറ്റര്‍ നീളമുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയും നിര്‍മ്മിച്ചു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നായ അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റര്‍ വഴിയാണ് ആര്‍ടിഎ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്. സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനും പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, വിവിധ നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ലാറ്റ്‌ഫോം ഐടിഎസിനുണ്ട്.