ഒന്നര മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ 13 പേരെ മോചിപ്പിക്കും. അവശ്യ വസ്തുക്കളുമായി 200ഓളം ട്രക്കുകളും ഗാസയില്‍ പ്രവേശിക്കും. വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുന്‍പും ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തി
ഖത്തറിന്‌റെയും ഈജിപ്റ്റിന്റെയും മധ്യസ്ഥതയിലാണ് ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നു. വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് വരെ ഇസ്രയേല്‍ സൈന്യം ഗാസയിലെ ആശുപത്രിയ്ക്ക് നേരെ ആക്രമണം നടത്തി. 150 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസി ബന്ദികളാക്കിയ 50 സ്ത്രീകളേയും കുട്ടികളേയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ. ആദ്യഘട്ടതത്ില്‍ 13 പേരെയാണ് മോചിപ്പിക്കുക. ഇസ്രയേല്‍ 39 തടവുകാരെയും കൈമാമാറും. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ് ക്രസന്റ് എന്നീ സന്നദ്ധ സംഘടനകള്‍ ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധനം അടക്കമുള്ള അവശ്യ വസ്തുക്കളടങ്ങിയ ഇരുന്നൂറോളം ട്രക്കുകളും ഗാസയില്‍ എത്തും. 1,30,000 ലിറ്റര്‍ ഡീസലും നാല് ട്രക്ക് ഗ്യാസും എത്തിക്കുമെന്ന് ഈജിപ്റ്റ് അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായേല്‍- ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്ര വിജയമാണ് നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്ത് പേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോ ദിവസം നീട്ടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ അന്തിമമല്ലെന്നും സമയം അവസാനിക്കുന്നതോടെ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഗാസയില്‍ ഇതുവരെ 14,800 ല്‍ അധികം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.