പലസ്തീന്‍ സ്വദേശികളെ ഗാസയില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. സാഹചര്യം അനുവദിക്കുമെങ്കില്‍ വീടുകളിലേക്ക് മടങ്ങാന്‍ ജനങ്ങളെ അനുവദിക്കണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഗാസ യുദ്ധം പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലേക്ക് വേഗത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി.ഹമാസ് ഉപമേധാവി സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷസാഹചര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തിലാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം.
ഖത്തറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് സമാധാനശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഗാസ യുദ്ധം മേഖലയില്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കും എന്ന് ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ അരക്ഷിതമായ സഹാചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ എളുപ്പമാണെന്നും ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. പലസ്തീനികളെ ഗാസയ്ക്ക് പുറത്ത് മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കണം എന്ന ചില ഇസ്രയേല്‍ മന്ത്രിമാരുടെ പ്രസ്താവനയ്ക്ക് എതിരെയും ബ്ലിങ്കന്‍ രംഗത്ത് എത്തി. പലസ്തീനികളെ ഗാസയില്‍ തന്നെ തുടരാന്‍ അനുവദിക്കണം എന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ഈജിപ്തിലും ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും.
ഇതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 250-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.