ക്ഷേത്രം വക പ്രദേശത്ത് ആർഎസ്എസ് ശാഖാ പ്രവർത്തനം തടഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് ബോർഡ്. ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലനം ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കാൻ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർമാർക്കും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർക്കും ബോർഡ് നിർദേശം നൽകി. ചിലയിടങ്ങളില്‍ വിലക്ക് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറക്കിയത്. സർക്കുലര്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ക്ഷേത്ര പവിത്രത ലംഘിക്കുന്നതിനും ഭക്തരുടെ സ്വകാര്യത തടസ്സപ്പെടുന്നതിനും ഇത്തരം കടന്നുകയറൽ കാരണമാകുമെന്ന് ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. ഇങ്ങനെ ഉള്ള സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ഷേത്ര അധികൃതർക്ക് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടാം. ക്ഷേത്രവുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ, ചിഹ്നങ്ങൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കം ചെയ്യും.
തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെ പ്രവർത്തനം, ആയുധ പരിശീലനം, ആയോധന അഭ്യാസം, മാസ്‌ഡ്രിൽ എന്നിവ പരിശോധിക്കാൻ രാത്രിയിൽ ഉൾപ്പെടെ മിന്നൽ പരിശോധന നടത്തണം. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്‌തുവിൽ ചേരുന്നത് നിരോധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.