പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് എതിരായ പ്രതിഷേധം അമേരിക്കയിലെ ലോസ് എയ്ഞ്ചലസില്‍ വ്യാപിക്കുന്നു.പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്.ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ക്ക് എതിരെ ആരംഭിച്ച പ്രതിഷേധം അഞ്ച് ദിവസം പിന്നിടുകയാണ്.ലോസ് എയ്ഞ്ചലസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു.നാഷണല്‍ ഗാര്‍ഡിനെയും മറീനുകളേയും ഇറക്കിയിട്ടും പ്രതിഷേധം നേരിടുന്നതിന് ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.നൂറുകണക്കിന് പ്രക്ഷോഭകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ലോസ് എയ്ഞ്ചലസ് പ്രക്ഷോഭം ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.