കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്നും പാര്‍ട്ടി പിന്തുണയോടെയാണ് കരുവന്നൂരിലെ കൊള്ള നടന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് സതീശൻ പറഞ്ഞു. സി പി ഐ എം ജില്ലാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിരപരാധികളെ കുടുക്കി വമ്പന്മാരായ നേതാക്കളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ബിജെപിക്ക് എതിരായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ ഫാസിസ്റ്റ് മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. ഇന്‍ഡ്യ മുന്നണിയില്‍ നിന്നുള്ള സിപിഐഎമ്മിന്റെ പിന്മാറ്റം കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കള്ളക്കടത്ത് കേസ്, ലൈഫ് മിഷന്‍ കേസ് ലാവ്‌ലിന്‍ കേസ് സിഎംആര്‍എല്‍ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ബിജെപിയെ പേടിയുള്ളത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും സതീശൻ ആരോപിച്ചു.