കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർഥി പിടിയിൽ. സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥി കോഴിക്കോട് സ്വദേശി നൗഫലാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിലായത്. 72 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
ബംഗളുരുവിൽ നിന്നും എംഡിഎംഎ കൊണ്ടുവന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്തർ സംസ്ഥാന ബസുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് നൗഫൽ പിടിയിലായത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള സമഗ്രഹികളും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്തെ അൽതാഫ് എന്ന ആളാണ് ലഹരിമരുന്ന് നൽകിയതെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. പ്രതിയും എം.ഡി.എം.എ. ഉപയോഗിച്ച് ലഹരിയായതിനാൽ പോലീസിന് വിശദമായി ചോദ്യംചെയ്യാനായിട്ടില്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.