ഇത്തിഹാദ് റെയിലിന്റെ പുതിയ പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രഖ്യാപിച്ചു. ഫുജൈറയിലെ സഖംകാമിലാണ് പുതിയ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ഏഴ് എമിറേറ്റുകളിലെയും പതിനൊന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുക.
ഫുജൈറയില്‍ അല്‍ ഹിലാല്‍ സ്ട്രീറ്റിലെ പാസഞ്ചര്‍ സ്റ്റേഷനു പുറമേയാണ് എമിറേറ്റിലെ പുതിയ സ്റ്റേഷന്‍ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചത്. ഫുജൈറയിലെ സഖംകാമിലാണ് പുതിയ സ്‌റ്റേഷന്‍ നിര്‍മ്മിക്കുക. ഗുവെയ്ഫാത്തില്‍ നിന്നുമാണ് റെയില്‍ ശൃംഖല ഫുജൈറയുമായി ബന്ധിപ്പിക്കുന്നത്. യാത്രക്കാര്‍ക്കായി നൂതന സൗകര്യങ്ങളാകും സ്‌റ്റേഷനില്‍ ഒരുക്കുക. 2030 ഓടെ 36 ദശലക്ഷം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു. അബുദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ടത്തില്‍ ഇത്തിഹാദ് റെയില്‍ സര്‍വ്വീസ് ആരംഭിക്കുക.
ഷാര്‍ജയില്‍ യൂണിവേഴ്‌സിറ്റി സിറ്റിയിലും പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നും ദേശീയ റെയില്‍ കമ്പനി അറിയിച്ചു. അബുദബിയില്‍ നടക്കുന്ന ആഗോള റെയില്‍ കോണ്‍ഫറന്‍സിലാണ് ഇത്തിഹാദ് റെയില്‍ പുതിയ സ്‌റ്റേഷനുകള്‍ വെളിപ്പെടുത്തിയത്. നിലവിലെ ചരക്ക് റെയില്‍ ശൃംഖലയുടെ അതേ പാതകള്‍ തന്നെ പാസഞ്ചര്‍ ട്രെയിനുകളും ഉപയോഗിക്കും. 900 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റെയില്‍ ശൃംഖല. അതേസമയം സര്‍വ്വീസുകള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.