ഷാര്‍ജ:രാജ്യാന്തര സൈബര്‍ കുറ്റകൃത്യ സംഘത്തെ പിടിക്കൂടി ഷാര്‍ജ പൊലീസ് .പ്രമുഖ സമൂഹമാധ്യമ അക്കൗണ്ടുകളും പ്രശസ്തരുടെ വ്യക്തിഗത ചിത്രങ്ങളും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന സംഘത്തെയാണ് പിടികൂടിയത്.തട്ടിപ്പിനിരയായ ഒരാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വ്യാപക അന്വേഷണത്തിലാണ് 14 രാജ്യങ്ങളിലായി പടര്‍ന്ന വന്‍ സൈബര്‍ ശൃംഖലയെ ഷാര്‍ജ പൊലീസ് തകര്‍ത്തത്.സോഷ്യല്‍ മീഡിയ ബ്ലൂ ടിക്ക് വെരിഫിക്കേഷന്, ഫോളോവേഴ്സിനെ കൂട്ടിനല്കല്, അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന വ്യാജ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഷാര്‍ജ പൊലീസ് ഡിജിറ്റല്‍ ക്രൈംസ് സെക്ഷന്‍ തലവന്‍ ലെഫ്റ്റനന്റ് കേണല്‍ സഖര്‍ അഹമ്മദ് പറഞ്ഞു. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും പങ്കുവെക്കാനുമുള്ള ആപ്പുകളിലെ വ്യാജ ഫില്‍റ്ററുകള്‍ വഴിയാണ് ഇവര്‍ ഉപയോക്താക്കളുടെ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ത്തിയത്.ചിത്രങ്ങള്‍ ചോര്‍ത്തിയ ശേഷം വിദേശ നമ്പറുകളില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ വന്‍ തുകയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് അക്കൗണ്ട് വീണ്ടെടുക്കാന്‍ സഹായിക്കാമെന്നും സുരക്ഷ നല്‍കുമെന്നും വിശ്വസിപ്പിച്ച് വീണ്ടും ഇരകളില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുകയും ചെയ്തു. സ്ത്രീകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനകള്‍, നിര്‍മിതബുദ്ധി സാങ്കേതികവിദ്യ, മറ്റ് രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹകരണം എന്നിവ പ്രയോജനപ്പെടുത്തി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് 14 രാജ്യങ്ങളിലെ സൈബര്‍ ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചതും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും.ഇത്തരം സൈബര്‍ ചതിക്കുഴികളില്‍ വീഴരുതെന്ന് ഷാര്‍ജ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.



