അമിതവേഗം, വെള്ളം കെട്ടിക്കിടക്കുന്ന റോഡുകൾ, സഡൻ ബ്രേക്ക്… അപകടകരമായ കോമ്പിനേഷനാണിത്. ഇവ ചേർന്നാൽ ജീവൻവരെ നഷ്ടപ്പെട്ടേക്കാവുന്ന അപകടമുണ്ടാകും. അത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് സൈബർബാദ് ട്രാഫ്ക് പൊലീസ് പുറത്തുവിട്ടത്.
ഹൈവേയിൽ സഡൻ ബ്രേക്ക് പിടിച്ച് നിയന്ത്രണം വിട്ട എസ്‍യുവി നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് മൂന്നു പേരാണ് മരിച്ചത്. വേഗത്തിലെത്തിയ എസ്‍യുവിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എസ്‍യുവിയിൽ സഞ്ചരിച്ച മൂന്നു പേർക്കും ജീവൻ നഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.
മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കൂ
∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.
∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.
∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.
∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.