Monday, June 8, 2026
Home Blog Page 256

ബജ്‌റങ്ദള്‍ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി /ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ ബജ്‌റങ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്‍റെ നാട്ടിൽ ആദരവ് അര്‍പ്പിക്കാനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ  “ജയ് ബജ്‌റംഗ്ബലി” എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോദി പറഞ്ഞു.

ഈ രാജ്യത്തിന്‍റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ലെന്നു മോദി പറഞ്ഞു. ‘കോൺഗ്രസ് ഇവിടെ ജയിച്ചാൽ പിഎഫ്ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. സാധാരണക്കാരുടെ വിശ്വാസം കോൺഗ്രസിന് നഷ്ടമായിരിക്കുന്നു. ഇപ്പോൾ വാഗ്ദാനങ്ങൾ നൽകാൻ മാത്രമാണ് കോൺഗ്രസിന്‍റെ ശ്രമം. പട്ടിണി മാറ്റുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയെങ്കിലും ഇതു വരെ നടപ്പാക്കുന്നതിന് സാധിച്ചിട്ടില്ല. അതേസമയം പട്ടിണി മാറ്റാൻ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് നേതാക്കൾ സമ്പന്നരായി. കർണാടകയിലെ ഡബിൾ എൻജിൻ സർക്കാരിന്‍റെ പ്രാഥമിക ലക്ഷ്യം സാമൂഹിക നീതിയും സാമൂഹിക പുരോഗിതിയുമാണ്. പാവപ്പെട്ടവരുടെ ഉന്നമനം, കർഷകരെ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിൽ സർക്കാർ അതീവശ്രദ്ധ പുലർത്തുന്നു. 

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് കാലങ്ങളായി സ്വീകരിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കും എയര്‍ സ്ട്രൈക്കും നടത്തിയതിന് കോൺഗ്രസ്  രാജ്യത്തെ പ്രതിരോധസേനകളെ പരിഹസിച്ചു. രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി കർണാടകയെ മാറ്റുന്നതിനുള്ള പദ്ധതിയാണ് ബിജെപി പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ചിരിക്കുന്നത്.’ – മോദി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ്, ഉത്പദാന മേഖലയിൽ പത്ത് ലക്ഷം തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി കർണാടക തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശക്തമായ മത്സരമാണ് സംസ്ഥാനത്ത് ഇത്തവണ ബിജെപി നേരിടുന്നത്. 

അതേസമയം, ഇന്ന് രാവിലെ പ്രകടനപത്രിക പുറത്തിറക്കിയ കോൺഗ്രസ് ജാതിയുടെയും മതത്തിന്‍റെയും പേരിൽ സാമുദായികവിദ്വേഷം പരത്തുന്നത് തടയുന്നതിന് കർശന നടപടിയെടുക്കുമെന്നും അതിന്‍റെ ഭാഗമായി ബജ്‌റങ്ദള്‍, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

ആ വീട് ശരിക്കും മുങ്ങിയിരുന്നു, അതൊന്നും വിഎഫ്എക്സ് അല്ല: സുധീഷ് അഭിമുഖം

0

നീണ്ട ഇടവേളയ്ക്കു ശേഷം തിയറ്ററിലേക്ക് പ്രേക്ഷകർ പ്രവഹിക്കുന്ന കാഴ്ചയ്ക്കാണ് കേരളക്കര കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. മലയാളിയുടെ ഇച്ഛാശക്തിയുടെയും സഹാനുഭൂതിയുടെയും പ്രതീകമായ 2018-ലെ പ്രളയത്തിന് ജൂഡ് ആന്തണി ജോസഫും കൂട്ടരും ചേർന്ന് ചലച്ചിത്രഭാഷ്യം ചമച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് കേരളക്കര അതിനെ സ്വീകരിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രദർശനശാലങ്ങളിൽ ‘2018’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ വർഗീസ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കയ്യടി നേടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സുധീഷ്.  സാഹസികത നിറഞ്ഞ ഷൂട്ടിങ് ദിനങ്ങളെക്കുറിച്ചും ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും വാചാലാനാകുകയാണ് അദ്ദേഹം. 

വിഎഫ്ക്സില്ല, പ്രളയ സമാനമായ അന്തരീക്ഷത്തിലായിരുന്നു അഭിനയം 

നിങ്ങൾ ഇപ്പോൾ സിനിമയിൽ കാണുന്ന രംഗങ്ങളൊക്കെ സെറ്റിട്ട് ഷൂട്ട് ചെയ്തതാണ്, വിഎഫ്ക്സ് ഉപയോഗിച്ചു ചെയ്തതല്ല. എന്താണോ ഷൂട്ട് ചെയ്തത് അത് തന്നെയാണ് തിയറ്ററിൽ കാണാൻ കഴിയുന്നത്. ഒരുപാട് ആളുകളുടെ ദിവസങ്ങൾ നീണ്ട പ്രയത്നം അതിനു പിന്നിലുണ്ട്. സിനിമയിൽ കാണുന്ന പോലെ പൂർണമായും വെള്ളം നിറച്ചാണ് എന്റെ കഥാപാത്രത്തിന്റെ വീടൊക്കെ ഷൂട്ട് ചെയ്തിരിക്കുന്നത്. ചങ്ങാടത്തിലും പെട്ടിയിലുമൊക്കെയാണ് ഷൂട്ടിങ് നടന്ന വീട്ടിൽ എത്തിചേർന്നിരുന്നത്. സെറ്റിൽ എപ്പോഴും നിറയെ ചെളിയായിരിക്കും. ഷൂട്ടിങിന്റെ ആദ്യ ദിവസമൊക്കെ സെറ്റിൽ വീണിട്ടുണ്ട്. പിന്നീട് ആ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും വീണു പരുക്ക് പറ്റാവുന്ന അപകടം പിടിച്ച സെറ്റായിരുന്നു സിനിമയുടേത്. സംവിധായൻ ജൂഡും സംഘവും നമ്മളെ എപ്പോഴും കംഫർട്ടബിളാക്കി കൊണ്ടിരിക്കുമായിരുന്നു. ഒരുപാട് രംഗങ്ങൾ റീടേക്ക് പോയിട്ടുണ്ട്. ഉദ്ദേശിച്ച പോലെ വെള്ളം നിറയാതിരിക്കുകയും ടൈമിങിനു അനുസരിച്ച് മരം വീഴാതെ ഇരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ അടുത്ത ദിവസം ആ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. 

സിനിമയ്ക്കു വേണ്ടി പെയ്യിപ്പിക്കുന്ന മഴയ്ക്കൊപ്പം ശരിക്കുള്ള മഴ പെയ്ത ദിവസങ്ങളുമുണ്ട്. അക്ഷരാർഥത്തിൽ പ്രളയ സമാനമായ അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങെന്നു പറയാം. പ്രളയത്തെ ഇത്രയും വിശ്വസനീയമായി പ്രേക്ഷകർക്ക് അനുഭവഭേദ്യമാക്കിയത് ഒരു വലിയ കൂട്ടായ്മയുടെ പരിശ്രമമാണ്. സഹസംവിധായകരും ആർട് ടീമൊക്കെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി ഏഴു മണിക്കൊക്കെ ആരംഭിക്കുന്ന ഷൂട്ട് പുലർച്ചെ വരെ നീളും. 

മാസ്റ്റർ പ്രണവിനെ നോക്കിയത് സ്വന്തം മകനെപോലെ 

ചിത്രത്തിൽ എന്റെ മകനായി അഭിനയിച്ചത് മാസ്റ്റർ പ്രണവാണ്. പ്രണവ് അവതരിപ്പിച്ച കഥാപാത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷൂട്ടിങ് സമയത്ത് പ്രണവിനൊപ്പം അവനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി അവന്റെ മാതാപിതാക്കൾ വന്നിരുന്നു. ടേക്ക് പോകുന്ന സമയത്തൊക്കെ സെറ്റിന്റെ പ്രത്യേക സ്വഭാവം കാരണം അവർക്ക് അടുത്തേക്ക് വരാൻ സാധിക്കുമായിരുന്നില്ല. കാലിൽ പ്ലാസ്റ്ററിട്ട് അഭിനയിക്കേണ്ട സീനുകളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവന് നടക്കാനൊക്കെ ബുദ്ധിമുണ്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാനും എന്റെ ഭാര്യയുടെ വേഷത്തിൽ അഭിനയിച്ച ജിലുവും അവനെ സ്വന്തം മകനെ പോലെയാണ് അവനെ പരിഗണിച്ചത്. 

സീനിന്റെ തുടർച്ചയ്ക്കു വേണ്ടി നമ്മുടെ ശരീരവും വസ്ത്രവുമൊക്കെ എപ്പോഴും നനച്ചു കൊണ്ടിരിക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ പനിയൊക്കെ വരാതെരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ വിജയം എല്ലാരും തമ്മിലുള്ള പരസ്പരം ബഹുമാനവും സഹകരണവും തന്നെയാണ്. ടേക്ക് കഴിഞ്ഞാൽ മാറിയിരിക്കുന്നതോ കാരവനിൽ പോയി ഇരിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഈ സിനിമയിൽ ചിന്തിക്കാൻ പോലും പറ്റില്ലാരുന്നു.  

മൾടിസ്റ്റാർ ചിത്രത്തിൽ പ്രതീക്ഷിച്ചത് താരതമ്യേന ചെറിയ വേഷം 

ഇപ്പോഴത്തെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു ഒന്നരകൊല്ലം മുമ്പ് ഒരു ഷെഡ്യൂൾ ഉണ്ടായിരുന്നു. അന്ന് എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അന്ന് ഷൂട്ടിങ് നടന്നില്ല. എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് എന്നോടു പറഞ്ഞ വേഷം ഇതായിരുന്നില്ല. ചാക്കോച്ചൻ, ടൊവിനോ, ആസിഫ് അലി, നരേൻ, വിനീത് ശ്രീനിവാസൻ തുടങ്ങി വമ്പൻ താരനിര ഉള്ളതുകൊണ്ട് തന്നെ ചെറിയ വേഷമായിരിക്കും എന്റേതെന്നാണ് കരുതിയിരുന്നത്. ഇത്രയും നല്ല വേഷമാണെന്നു കരുതിയിരുന്നില്ല. പല ഹിറ്റു സിനിമകളിലും നല്ല വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ലഭിക്കാത്ത പ്രേക്ഷക പ്രതികരണമാണ് ‘2018’-ലെ കഥാപാത്രത്തിനു ലഭിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമയത്ത് മാത്രമാണ് ഇതിനു മുമ്പ് ഇത്രയെറെ അഭിനന്ദനങ്ങൾ ലഭിച്ചത്. വാട്ട്സാപ്പിലൊക്കെ വരുന്ന പല മെസേജുകളും കണ്ണ് നനയിപ്പിക്കുന്നുണ്ട്. 

നിവിൻ പോളിക്ക് ‘2018’ ൽ ഒരു മാസ് എൻട്രി ഉണ്ടായിരുന്നു, ഒഴിവാക്കാൻ കാരണമുണ്ട്: ജൂഡ് ആന്തണി

0

വൻ താരനിര അണിനിരന്ന ‘2018’ സിനിമയിൽ നിവിൻ പോളിക്കും ഒരു കഥാപാത്രമുണ്ടായിരുന്നുവെന്നും അവസാന നിമിഷം അത് വേണ്ടെന്നു വച്ചതാണെന്നും ജൂഡ് ആന്തണി ജോസഫ്. നിവിൻ പോളി സിനിമയുടെ ഭാഗമായിരുന്നെന്നും അദ്ദേഹത്തിനായി ഒരു മാസ് എൻട്രി സീൻ ഒരുക്കിയിരുന്നു. പക്ഷേ അതൊന്നും പിന്നീട് സിനിമയ്ക്കു വേണ്ടെന്നു തോന്നിയപ്പോൾ ഒഴിവാക്കുകയായിരുന്നുവെന്ന് ജൂഡ് ഒരഭിമുഖത്തിൽ പറയുകയുണ്ടായി.

‘‘നിവിൻ പോളിയുടെ ഒരു മാസ് എൻട്രി സീൻ ഉണ്ടായിരുന്നു സിനിമയിൽ. ഞാനത് പിന്നീട് ഒഴിവാക്കിയതാണ്. റോക്കറ്റ് ബസ് എന്നത് ഒരു പ്രധാന കഥാപാത്രമായിരുന്നു ആദ്യം. ബസ് കാണുമ്പോൾ ടൊവിനോ പേടിച്ച് മാറുന്നതൊക്കെ ഉണ്ടായിരുന്നു സിനിമയിൽ.

വെള്ളപ്പൊക്കത്തിന്റെ സമയത്ത് ബസിൽ നിന്ന് തൻവിയുടെ കഥാപാത്രവും ഒരു ക്രൈസ്തവ പുരോഹിതനും ഒക്കെ വരുന്നതായി പദ്ധതിയിട്ടിരുന്നു. ഒരു വൃദ്ധസദനം ഉണ്ട്. അവിടുത്തെ അന്തേവാസികളെ രക്ഷിക്കുന്ന ഭാഗമുണ്ടായിരുന്നു കഥയിൽ. വൃദ്ധസദനത്തിലെ ആളുകൾ എല്ലാം വെള്ളപ്പൊക്കത്തിൽപെട്ട് കിടക്കുന്നു. ബോട്ടിലോ ഹെലികോപ്റ്ററിലോ അവരെ രക്ഷപ്പെടുത്താനാകുന്നില്ല.

ഈ സമയം ഒരു ബസിന്റെ ശബ്ദം കേൾക്കുന്നു. നോക്കുമ്പോൾ റോക്കറ്റ് ബസ് വരുന്നു. ബസിന് മുകളിൽ സൈലൻസർ ഒക്കെ ഘടിപ്പിച്ചിട്ടുണ്ട്. വൈപ്പർ അടിക്കുന്നതിനിടയിൽ അതിനകത്ത് നിവിൻ പോളി, നിവിന്റെ എൻട്രി. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സീനായിരുന്നു. അതൊന്നും വേണ്ടെന്ന് തോന്നിയപ്പോൾ ഒഴിവാക്കി.’’– ജൂഡ് ആന്തണി പറഞ്ഞു.

മത്സ്യത്തൊഴിലാളിയെന്നു കേട്ടതെ കഥ പോലും കേൾക്കാതെ ഓക്കെ പറഞ്ഞു: നരേൻ അഭിമുഖം

0

കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്ന 2018 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ ഇരട്ടി സന്തോഷത്തിലാണ് നടൻ നരേൻ. പ്രേക്ഷകർ ആഘോഷിക്കുന്ന ഒരു സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയതാരം. ജൂഡിന്റെ മനസിലായിരുന്നു ഈ സിനിമ. കഥ പോലും കേൾക്കാതെ ഇതു ചെയ്യാൻ സമ്മതിച്ചത് ജൂഡിലുള്ള വിശ്വാസം കൊണ്ടു മാത്രമായിരുന്നുവെന്ന് താരം പറയുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമാകുന്ന നരേൻ 2018ന്റെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ. 

ആന്റോ ജോസഫിലൂടെ 2018ലേക്ക്

ചെന്നൈയിൽ വച്ച് അപ്രതീക്ഷിതമായി നിർമാതാവ് ആന്റോ ജോസഫിനെ കണ്ടതാണ് എനിക്ക് 2018ലേക്ക് അവസരം തുറന്നത്. സംസാരത്തിനിടയിൽ മലയാളത്തിൽ നല്ല പ്രൊജക്ടുകൾ വരുമ്പോൾ അറിയിക്കണമെന്നൊരു സ്നേഹാഭ്യർത്ഥന പങ്കുവച്ചിരുന്നു. അതു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ ജൂഡ് ആന്തണിയുടെ ഈ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തെക്കുറിച്ച്  ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ ഒരു നല്ല വേഷമുണ്ടെന്നും അതിനായി ഒരു അഭിനേതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെക്കന്റിൽ‌ ആദ്ദേഹം പറഞ്ഞു, ആ കഥാപാത്രം നിങ്ങൾ ചെയ്താൽ നന്നാകും. ഞാനൊന്നു ജൂഡിനോടു സംസാരിക്കട്ടെ, എന്ന്. പിന്നീട് എല്ലാം പെട്ടെന്നു നടന്നു. ജൂഡ് എന്നെ വിളിച്ചു. അധികം വൈകാതെ ഞങ്ങൾ നേരിൽ കണ്ടു. ജൂഡ് ഈ സിനിമയുടെ കഥ വിവരിച്ചു. 

കഥ കേൾക്കാതെ സമ്മതിച്ചു

വളരെ അപൂർവം സിനിമകളാണ് കഥ കേൾക്കാതെ തന്നെ ചെയ്യാമെന്നു സമ്മതിക്കുന്നത്. 2018 അങ്ങനെ ഒരു സിനിമ ആയിരുന്നു. മത്സ്യത്തൊഴിലാളിയുടെ വേഷമാണെന്ന ഒറ്റ കാര്യത്തിൽ ഞാൻ ഓകെ പറഞ്ഞു. ചെയ്യുന്ന കഥാപാത്രത്തോടു തന്നെ ആദരവ് തോന്നുന്ന വേഷം എന്നൊക്കെ പറയില്ലേ? അങ്ങനെ ഒരു ഫീലായിരുന്നു എനിക്ക്. കാരണം, എന്റെ കഥാപാത്രം പ്രതിനിധീകരിക്കുന്നത് ഒരു വലിയ കമ്മ്യൂണിറ്റിയെ കൂടിയാണ്. പിന്നെ, ഞാൻ ജൂഡിൽ വിശ്വസിച്ചു. അതാണ്, അതിന്റെ സത്യം. 

വെല്ലുവിളിയായ കടൽ രംഗം

കടലിലെ രംഗം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. തോണിയിൽ നിന്നാണ് അതു മുഴുവൻ ചെയ്യേണ്ടത്. തിരകളുള്ള വെള്ളത്തിലാണ് തോണിയുള്ളത്. അത് എപ്പോഴും ആടിക്കൊണ്ടിരിക്കും. മുകളിൽ നിന്നു തിര വന്നു അടിക്കുന്ന രീതിയിലാണ് ആർട്ട് ഡയറക്ടർ സെറ്റ് ചെയ്തു വച്ചിരുന്നത്. വെള്ളം വന്ന് ശരീരത്തിലേക്ക് ശക്തിയായി തെറിച്ചു വീഴും. ഓരോ തവണ ഇങ്ങനെ വെള്ളം വന്നു ശരീരത്തിൽ വീഴുമ്പോഴും ഞാനും തെറിച്ചു വീഴും. വെള്ളമല്ലേ… എങ്ങനെ വന്നു പതിക്കുമെന്ന് പറയാൻ പറ്റില്ലല്ലോ. ബാലൻസ് ചെയ്തു തോണിയിൽ നിൽക്കാൻ നന്നേ പ്രയാസപ്പെട്ടു. പല തവണ ഞാൻ വീണു പോയി. എന്റെ വിരലിനു പരിക്കു പറ്റി. കാസ്റ്റ് ഇട്ടാണ് പിന്നീട് അഭിനയിച്ചത്. ക്ലോസ് അപ് ഷോട്സ് വരുമ്പോൾ കാസ്റ്റ് ഊരി വയ്ക്കും. എന്റെ കയ്യുടെ നിറത്തിൽ അതു പെയ്ന്റ് ചെയ്തിരുന്നു. ലോങ് ഷോട്ടിൽ അത് ഉപയോഗിച്ചിരുന്നു. 

സെറ്റിലെ എനർജി

രാത്രി ഷൂട്ട്, കൃത്രിമ മഴ, ഒറിജിനൽ മഴ, പ്രൊപ്പല്ലർ, കാറ്റ്… അങ്ങനെ ഒട്ടും എളുപ്പമായിരുന്നില്ല ഷൂട്ടിങ് ദിനങ്ങൾ. ശരിക്കും ക്ഷീണിച്ചു പോകുമായിരുന്ന സാഹചര്യങ്ങളായിരുന്നു. പക്ഷേ, നോക്കുമ്പോൾ സംവിധായകൻ വെള്ളത്തിൽ നിൽക്കുന്നു. ക്യാമറമാനും മറ്റു ടെക്നീഷ്യൻസും വെള്ളത്തിലറങ്ങിയാണ് നിൽക്കുന്നത്. അവരങ്ങനെ പണി എടുക്കുമ്പോൾ അഭിനേതാക്കളും ഊർജ്ജ്വസ്വലരായി തീരും. പിന്നെ, 2018 എന്നത് വെറും ഒരു സിനിമ അല്ലല്ലോ. ചരിത്രത്തിന്റെ തന്നെ ഭാഗമാകാൻ പോകുന്ന സിനിമ അല്ലല്ലോ. ഈ ചിന്തയിൽ അറിയാതെ തന്നെ ഊർജ്ജം വരും. അതുകൊണ്ട്, മറ്റൊന്നും ഒരു പ്രശ്നമായി അനുഭവപ്പെട്ടില്ല. എന്റെ കഥാപാത്രം ഉറപ്പായും പ്രേക്ഷകരുടെ മനസിൽ എക്കാലവും നിലനിൽക്കും. 

‘2018’ ൽ ഞാൻ കണ്ട സ്വപ്നം നാളെ സാക്ഷാൽക്കരിക്കുന്നു: ജൂഡ് ആന്തണി അഭിമുഖം

0

ഒരു വലിയ സ്വപ്ന സാക്ഷാൽക്കാരത്തിനു മുന്നിൽ ആണ് ജൂഡ് ആന്തണി എന്ന സംവിധായകൻ. സ്വപ്നം മാത്രമല്ല കേരളം ജനതയോടുള്ള ഉത്തരവാദിത്തം കൂടിയാണ് ജൂഡിന് അത്. 2018 ഓഗസ്റ്റിൽ കേരളത്തെയൊന്നാകെ വിഴുങ്ങാൻ പാകത്തിനെത്തിയ പ്രളയം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ദുരന്തമാണ് വിതച്ചത്. പ്രളയബാധിതരല്ലാത്ത മനുഷ്യർ കേരളത്തിൽ കുറവാണ്. സംവിധായകൻ ജൂഡ് ആന്തണി ജോസഫിനും കണ്ണിൽ നേരിട്ട് കണ്ട പ്രളയവും പിന്നീടുണ്ടായ പ്രളയ ഭീതിയും ഒരു നടുക്കമായി മനസ്സിൽ കുരുങ്ങി കിടക്കുന്നു. ദുരന്തത്തിന്റെ കഥകൾ കേട്ടുകേട്ട് ഏതോ ഘട്ടത്തിൽ ജൂഡിന്റെ മനസ്സിലെ സംവിധായകനുണർന്നു. കേരളം അതിജീവിച്ച മഹാദുരന്തത്തെ അഭ്രപാളിയിലാക്കണം എന്നതായിരുന്നു ജൂഡ് പിന്നീട് കണ്ട സ്വപ്നം.  2018 ലെ പ്രളയം സിനിമയായി പിറക്കാൻ പിന്നെയും അനവധി ദുരന്തങ്ങൾ അതിജീവിക്കേണ്ടി വന്നെന്ന് ജൂഡ് പറയുന്നു. ഒടുവിൽ, ചാർട്ട് ചെയ്തതിലും മുൻപേ പാക്കപ്പ്  ചെയ്ത ചിത്രം തിയറ്ററിൽ എത്തുമ്പോൾ നന്ദി പറയാൻ ഒരു ജനാവലി തന്നെ ജൂഡിനു മുന്നിലുണ്ട്. മൂന്നര വർഷത്തോളം ഒരു സ്വപ്നത്തിനു പിന്നാലെ ഊർജവും സമയവും ചെലവഴിച്ച് ഒടുവിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ അന്ത്യത്തിലെത്തി നിൽക്കുമ്പോൾ ജൂഡ് എന്ന സംവിധായകന് ഒന്നേ പറയാനുള്ളു. “ആളുകൾ നിങ്ങളോട് എന്ത് പറഞ്ഞാലും, എങ്ങനെയായാലും, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, ഈ പ്രപഞ്ചം മുഴുവൻ അത് സാധ്യമാക്കാൻ നിങ്ങളുടെ കുടെയുണ്ടാകും’’. ജൂഡ് സംസാരിക്കുന്നു.

പ്രേക്ഷകരുടെ പിന്തുണയാണ് ഇനി വേണ്ടത് 

2018 ഒക്ടോബർ 16 നു ആണ് ഞാൻ ഈ സിനിമ അനൗൺൻസ് ചെയ്യുന്നത്. അതിനു ശേഷം ഒരുപാടു കടമ്പകളിൽ കൂടി കടന്നുപോയി ഒരുപാടു പ്രാവശ്യം സിനിമ വേണ്ടെന്നു വച്ചു, കോവിഡ് വന്നു, ആർടിസ്റ്റുകളുടെ തീയതി മാറി. എന്നിട്ടും ആന്റോ ചേട്ടനും വേണു സാറും ഇതിൽ വരികയും എന്നെയും എന്റെ ടീമിനെയും  വിശ്വസിച്ച് സിനിമ ചെയ്യാൻ തയാറാവുകയും ചെയ്തു. 2018 ൽ ഞാൻ കണ്ട സ്വപ്നം നാളെ സാക്ഷാൽക്കരിക്കുകയാണ്. വർക്ക് എല്ലാം കഴിഞ്ഞു, കഠിനാധ്വാനത്തിന്റെ ഫലം സ്‌ക്രീനിൽ കാണാനുണ്ട്.  ഒരു വലിയ യാത്രയുടെ അവസാന ലാപ്പിൽ നിൽക്കുകയാണ്. ഫിനിഷിങ് പോയിന്റ് കാണുന്നതിന്റെ സന്തോഷമുണ്ട്.  അത് വല്ലാത്തൊരു ഫീൽ ആണ്. കേരളം മുഴുവൻ അനുഭവിച്ച ഒരു ദുരന്തം വീണ്ടും നിങ്ങളുടെ മുന്നിൽ തിരശീലയിൽ എത്തുമ്പോൾ നിങ്ങൾ ഓരോരുത്തർക്കും അനുഭവപ്പെടുന്നത് എന്താണെന്ന് എനിക്ക് ഇപ്പോൾ ഊഹിക്കാൻ കഴിയുന്നില്ല.  ഒരുപാടു പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു. പ്രിയപ്പെട്ട പ്രേക്ഷകരെകൊല്ലം സിനിമ കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

കേരള ചരിത്രത്തെ രണ്ടായി പകുത്ത ദുരന്തം

എനിക്ക് എന്റെ ജീവിതത്തെപ്പറ്റി, 2018 നു മുൻപും പിൻപും എന്നു പറയാൻ പറ്റും. എനിക്ക് തോന്നുന്നത് കേരളത്തിലെ മിക്ക ആളുകൾക്കും അങ്ങനെ പറയാൻ പറ്റുമെന്നാണ്. 2018നു മുൻപ് നമുക്ക് ജീവിതത്തിൽ ചെറിയ പരാതികൾ മാത്രമേ ഉള്ളൂ. രാഷ്ട്രീയമായ ചേരിതിരിവോ റോഡിലെ കുഴിയോ ടാറിടാത്തതോ അങ്ങനെ വളരെ നോർമൽ ആയ പ്രശ്നങ്ങൾ മാത്രം. മഴ ഉണ്ടെങ്കിലും പുഴ കര കവിഞ്ഞ അതിനടുത്തു താമസിക്കുന്നവർക്ക് മാത്രം ബുദ്ധിമുട്ട് വരുന്നതായി കണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അപ്പാടെ വിഴുങ്ങാൻ പാകത്തിനൊരു പ്രളയമൊന്നും നമ്മുടെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ല. ആ സമയത്ത് ഞാൻ ഒരു പാനലിൽ ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജ് ആണ്. റൂമിൽ എത്തിയപ്പോൾ ടിവിയിൽ വെള്ളപ്പൊക്കത്തിന്റെ വാർത്തകൾ കണ്ടു തുടങ്ങി. മരം കടപുഴകി വീഴുന്നു. വെള്ളം കുത്തിയൊഴുകുന്നു, ഇടുക്കി ഡാം തുറക്കുമെന്നുള്ള വാർത്തകൾ വരുന്നു. കഷ്ടമായിപ്പോയല്ലോ എന്നു തോന്നി.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. പെങ്ങളുടെ പുതിയ കാറ് ഡെലിവറി എടുത്ത് അവളുടെ വീട്ടിൽ കൊണ്ടിട്ടിട്ടു വന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീടിനു പിന്നിൽ വെള്ളം വന്നേക്കുമെന്നു കേൾക്കുന്നു. എന്നാൽ പോലും ചെറുതായി വെള്ളം അതുവഴി പോകും എന്ന കരുതിയുള്ളൂ. പക്ഷേ പിന്നീടങ്ങോട്ട് മൂന്നുനാലു ദിവസം ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത, ഓർക്കുമ്പോൾ ഞെട്ടി വിറയ്ക്കുന്ന ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .  നമ്മുടെ വേണ്ടപ്പെട്ടവരെ എന്നാ സ്ഥിതിയെന്ന് വിളിച്ചു ചോദിക്കാനുള്ള ഗ്യാപ്പ് പോലും കിട്ടിയില്ല. എങ്ങനെയെങ്കിലും കയ്യിൽ കിട്ടിയതുമായി രക്ഷപ്പെട്ടു പോകണം എന്നുമാത്രമായിരുന്നു ചിന്ത. ആ സമയത്ത് ടിവി, പത്രം ഒന്നും നോക്കാൻ പറ്റുന്നില്ല, എങ്ങനെയെങ്കിലും വീട്ടുകാരെ രക്ഷപ്പെടുത്തണം എന്നു മാത്രമേ മനസ്സിലുള്ളൂ. പിന്നീടുണ്ടായതെല്ലാം ഞാൻ വിസ്തരിച്ചു പറയേണ്ട കാര്യമില്ലല്ലോ. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഒരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.

പ്രളയം സിനിമയാകുന്നു

എല്ലാം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ ബോധിനി എന്ന സംഘടന എന്നെ സമീപിച്ചു. സെക്‌ഷ്വൽ ഹരാസ്‌മെന്റിന് എതിരെ ഞാൻ അവർക്കു വേണ്ടി നിവിൻ പോളിയെ വച്ച് ഒരു വിഡിയോ ചെയ്തിട്ടുണ്ടായിരുന്നു. അവർ ചോദിച്ചു വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞുകൊണ്ട് ഒരു ചെറിയ ഇൻസ്പിരേഷൻ വിഡിയോ ചെയ്യാമോ എന്ന്. നോക്കാമെന്നു ഞാനും പറഞ്ഞു. അങ്ങനെ പത്രങ്ങൾ തപ്പിയെടുത്ത് വായിച്ചു തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ വിഡിയോയിലല്ല, ഒരു സിനിമയിൽ പോലും കാണിച്ചാൽ തീരാത്തത്ര നന്മയുടെ കഥ കൂടി അതിനു പറയാനുണ്ട് എന്ന് മനസ്സിലായത്. ഇത് സിനിമയാക്കണം എന്നായി പിന്നീട് ചിന്ത, കഥ കേട്ട പലരും നെറ്റി ചുളിച്ചു. ഒരുപാട് പേരോട് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പിഷാരടി എന്നോട് പറഞ്ഞു, മമ്മൂക്കയും പിഷാരടിയും ഒരുപാട് ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശിച്ച് അവിടെയുള്ളവർക്ക് വേണ്ടത് ചെയ്തുകൊടുത്തിട്ടുണ്ട് എന്ന്. അങ്ങനെ എല്ലാവരും ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ അന്യോന്യം സഹായിച്ച നാളുകളായിരുന്നു അത്. 

ആ നടി ഞാനല്ല, പലർക്കും തെറ്റുപറ്റി: ലെന പറയുന്നു…

0

‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി തന്റേതായ സ്ഥാനം സൃഷ്ടിച്ച നടിയാണ് ലെന. തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് അന്നും വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു. ഇന്നും പലരും ആ പാട്ടുകൾ മൂളി നടക്കാറുമുണ്ട്. ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും ‘മഴക്കാലമല്ലേ മഴയല്ലേ’ എന്ന ​ഗാനത്തെയാണ് ഏറ്റവും കൂടുതൽ‌ പ്രശംസിച്ചു പറയാറുള്ളത്. ആൽബത്തിലെ ലെനയുടെ സൗന്ദര്യത്തെപ്പറ്റിയും ആളുകൾ എടുത്തു പറയാറുണ്ട്. എന്നാൽ ആ ​ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടി താനല്ലെന്ന് വെളിപ്പെടുത്തിയിരക്കുകയാണ് ലെന ഇപ്പോൾ. പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ ​ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും ഈയിടെ നൽകിയ അഭിമുഖത്തിൽ ലെന പറയുകയുണ്ടായി.

‘‘മഴക്കാലമല്ലേ മഴയല്ലേ ആൽബം സോങിൽ അഭിനയിച്ച പെൺകുട്ടി ഞാനല്ല. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിളിൽ പൂക്കൊട്ടയും വച്ച് വരുന്ന പെൺകുട്ടി ഞാനല്ല. പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വച്ചിട്ടുണ്ട്. സത്യത്തിൽ ആ പെൺകുട്ടിയാരാണെന്ന് എനിക്കും അറിയില്ല.’’–

പ്രണയത്തിൻ ഓർമക്കായി എന്ന ആൽബത്തിലേതാണ് മഴക്കാലമല്ലേ മഴയല്ലേയെന്ന ആൽബം സോങ്. ജ്യോത്സനയും വിധു പ്രതാപും പാടിയ ​ഗാനത്തിന് ഈണം നൽകിയത് തേജ് മെർലിനായിരുന്നു. താഷ എന്ന നടിയാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

‘ഏജന്റ്’ വലിയ നഷ്ടത്തിലേക്ക്; നിർമാതാവിന്റെ വെളിപ്പെടുത്തൽ സിനിമയെ തകർത്തു?

0

വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി അധികം ചലനമുണ്ടാക്കാതെ ‘ഏജന്റ്’. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 10 കോടിയാണ്. തെലുങ്കിൽ ആദ്യ ദിനം തന്നെ നിരൂപകരും പ്രേക്ഷകരും സിനിമയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. ഇതുകൂടാതെ സിനിമയുടെ നിർമാതാക്കളിലൊരാളായ അനിൽ സുൻകരയുടെ വെളിപ്പെടുത്തലും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. കൃത്യമായൊരു തിരക്കഥ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ചെയ്ത ശ്രമം പാളിപ്പോയെന്നുമായിരുന്നു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അനിലിന്റെ െവളിപ്പെടുത്തൽ സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളെയും തകർത്തുകളഞ്ഞു.

അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നാതായിരുന്നു മലയാളികളെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലും സിനിമയ്ക്ക് ആദ്യ ദിനം മെച്ചപ്പെട്ട പ്രതികരണം ലഭിക്കുകയും ചെയ്തു. മമ്മൂട്ടി തന്നെയാണ് മലയാളം പതിപ്പിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെയറേ പരിശ്രമമെടുത്ത് ചെയ്തിരിക്കുന്ന നിരവധി ആക്‌ഷൻ രംഗങ്ങൾ മമ്മൂട്ടി ഈ സിനിമയിൽ ചെയ്യുന്നുണ്ട്. ആക്‌ഷൻ കൊറിയോഗ്രഫി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതും. എന്നാൽ സിനിമ പരാജയമാണെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ കലക്‌ഷനെയും ഇല്ലാതാക്കുകയായിരുന്നു.

യൂലിൻ പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കോടികൾ മുടക്കി വിതരണാവകാശം സ്വന്തമാക്കിയ കമ്പനി സിനിമയ്ക്കു ഗുണകരമായ പ്രമോഷനും ചെയ്തിരുന്നു. സിനിമയെ സ്വന്തം നിർമാതാക്കൾ കൈവിട്ടതോടെ ഇവർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും സംഭവിക്കുക.

ഇതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതിയും പുറത്തുവന്നിരുന്നു. മെയ് 19ന് സോണി ലിവ്വിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർ‍ട്ട്. 

‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണ് പക്വത കൈവന്നു’: പ്രശംസിച്ച് രവി ശാസ്ത്രി

0

ജയ്‌പുർ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനു പക്വത കൈവന്നതായി അദ്ദേഹം പറഞ്ഞു. മത്സരത്തിൽ സഞ്ജു സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ആദം സാംപ എന്നീ സ്പിന്നർമാരെ സഞ്ജു കൈകാര്യം ചെയ്യുന്ന രീതിയാണ് ശാസ്ത്രിയിൽ മതിപ്പുളവാക്കിയത്.

‘‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ പക്വത പ്രാപിച്ചു. അദ്ദേഹം സ്പിന്നർമാരെ നന്നായി ഉപയോഗിക്കുന്നു. മൂന്നു സ്പിന്നർമാരെ കളിപ്പിക്കാനും അവരെ സമർഥമായി ഉപയോഗിക്കാനും ഒരു മികച്ച ക്യാപ്റ്റനു മാത്രമേ കഴിയൂ.’’– ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായാണ് രവി ശാസ്ത്രിയുടെ പ്രസ്താവന.

അതേസമയം, നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ വർഷം കിരീടം നിലനിർത്തുമെന്നും രവി ശാസ്ത്രി പ്രവചിച്ചു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ടീമിൽ പ്രശ്നങ്ങളുണ്ടെങ്കിലും ടീമിലെ ചില അംഗങ്ങളുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കിരീടം നിലനിർത്താൻ ഗുജറാത്തിനെ സഹായിക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

‘‘നിലവിലെ ഫോമും ടീമിന്റെ നിലയും നോക്കുമ്പോൾ, ഗുജറാത്ത് ട്രോഫി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ടീമിൽ പ്രശ്നങ്ങളും സ്ഥിരതയുമുണ്ട്. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏഴ്-എട്ടു കളിക്കാർ ഉണ്ട്. ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നത്.’’– ശാസ്ത്രി പറഞ്ഞു. അവസാനം കളിച്ച മത്സരങ്ങളിൽ പരാജയപ്പെട്ടാണ് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനെ രാജസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.

ഐപിഎല്ലിലെ ‘സൂപ്പർമാൻ’, സ്പൈ‍ഡർമാന്റെ ഇന്ത്യൻ അവതാരത്തിന് ഗില്ലിന്റെ ശബ്ദം

0

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റിൽ ‘സൂപ്പർമാൻ’ ആയി തകർത്തടിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മൻ ഗിൽ സ്ക്രീനിൽ സ്പൈഡർമാന് ശബ്ദം നൽകുന്നു. സ്പൈഡർമാന്റെ ഇന്ത്യൻ അവതാരമായ പവിത്ര് പ്രഭാകറിനാണ് ശുഭ്മൻ ഹിന്ദിയിലും പഞ്ചാബിയിലും ശബ്ദം നൽകുന്നത്.

‘സ്പൈഡർമാൻ– എക്രോസ് ദ് സ്പൈഡർ–വേർസ്’ എന്ന അനിമേഷൻ സിനിമ സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലുള്ള ചിത്രം ജൂൺ 2ന് രാജ്യമെങ്ങുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

‘‘ഞാൻ ഇപ്പോൾ തന്നെ സൂപ്പർ ഹ്യൂമൻ ആയ പോലെ തോന്നുന്നു..’’– ചിത്രത്തെക്കുറിച്ച് ഗില്ലിന്റെ വാക്കുകൾ.

പാക്കിസ്ഥാന്റെ ‘ഒത്തുതീർപ്പും’ ഏറ്റില്ല, ഏഷ്യാ കപ്പ് വേദി മാറ്റി; ശ്രീലങ്കയിൽ നടത്താൻ സാധ്യത

0

ന്യൂഡൽഹി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാനിൽ നിന്നു മാറ്റി. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിലും നടത്താമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിർദേശം തള്ളിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) തീരുമാനം.

എസിസി ചെയർമാൻ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിളിച്ചു ചേർക്കുന്ന എക്സിക്യുട്ടീവ് യോഗത്തിനു ശേഷമാകും അന്തിമ തീരുമാനം. സെപ്റ്റംബറിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റ് ശ്രീലങ്കയിൽ നടത്താനാണ് സാധ്യത കൂടുതൽ. തീരുമാനത്തിൽ പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ആതിഥേയത്വത്തിൽ നിന്നു തങ്ങളെ മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയർമാൻ നജാം സേത്തി മുൻപു പറഞ്ഞിരുന്നു.

പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ല എന്ന ഇന്ത്യയുടെ നിലപാടിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന നിർദേശം പിസിബി മുന്നോട്ടു വച്ചത്. എന്നാൽ ഇതിന് മറ്റു ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ കിട്ടിയില്ല. ഇതോടെയാണ് ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റാൻ എസിസി തീരുമാനമെടുത്തത്.