Tuesday, September 10, 2024
HomeMovieമത്സ്യത്തൊഴിലാളിയെന്നു കേട്ടതെ കഥ പോലും കേൾക്കാതെ ഓക്കെ പറഞ്ഞു: നരേൻ അഭിമുഖം

മത്സ്യത്തൊഴിലാളിയെന്നു കേട്ടതെ കഥ പോലും കേൾക്കാതെ ഓക്കെ പറഞ്ഞു: നരേൻ അഭിമുഖം

കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്ന 2018 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ ഇരട്ടി സന്തോഷത്തിലാണ് നടൻ നരേൻ. പ്രേക്ഷകർ ആഘോഷിക്കുന്ന ഒരു സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയതാരം. ജൂഡിന്റെ മനസിലായിരുന്നു ഈ സിനിമ. കഥ പോലും കേൾക്കാതെ ഇതു ചെയ്യാൻ സമ്മതിച്ചത് ജൂഡിലുള്ള വിശ്വാസം കൊണ്ടു മാത്രമായിരുന്നുവെന്ന് താരം പറയുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമാകുന്ന നരേൻ 2018ന്റെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ. 

ആന്റോ ജോസഫിലൂടെ 2018ലേക്ക്

ചെന്നൈയിൽ വച്ച് അപ്രതീക്ഷിതമായി നിർമാതാവ് ആന്റോ ജോസഫിനെ കണ്ടതാണ് എനിക്ക് 2018ലേക്ക് അവസരം തുറന്നത്. സംസാരത്തിനിടയിൽ മലയാളത്തിൽ നല്ല പ്രൊജക്ടുകൾ വരുമ്പോൾ അറിയിക്കണമെന്നൊരു സ്നേഹാഭ്യർത്ഥന പങ്കുവച്ചിരുന്നു. അതു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ ജൂഡ് ആന്തണിയുടെ ഈ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തെക്കുറിച്ച്  ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ ഒരു നല്ല വേഷമുണ്ടെന്നും അതിനായി ഒരു അഭിനേതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെക്കന്റിൽ‌ ആദ്ദേഹം പറഞ്ഞു, ആ കഥാപാത്രം നിങ്ങൾ ചെയ്താൽ നന്നാകും. ഞാനൊന്നു ജൂഡിനോടു സംസാരിക്കട്ടെ, എന്ന്. പിന്നീട് എല്ലാം പെട്ടെന്നു നടന്നു. ജൂഡ് എന്നെ വിളിച്ചു. അധികം വൈകാതെ ഞങ്ങൾ നേരിൽ കണ്ടു. ജൂഡ് ഈ സിനിമയുടെ കഥ വിവരിച്ചു. 

കഥ കേൾക്കാതെ സമ്മതിച്ചു

വളരെ അപൂർവം സിനിമകളാണ് കഥ കേൾക്കാതെ തന്നെ ചെയ്യാമെന്നു സമ്മതിക്കുന്നത്. 2018 അങ്ങനെ ഒരു സിനിമ ആയിരുന്നു. മത്സ്യത്തൊഴിലാളിയുടെ വേഷമാണെന്ന ഒറ്റ കാര്യത്തിൽ ഞാൻ ഓകെ പറഞ്ഞു. ചെയ്യുന്ന കഥാപാത്രത്തോടു തന്നെ ആദരവ് തോന്നുന്ന വേഷം എന്നൊക്കെ പറയില്ലേ? അങ്ങനെ ഒരു ഫീലായിരുന്നു എനിക്ക്. കാരണം, എന്റെ കഥാപാത്രം പ്രതിനിധീകരിക്കുന്നത് ഒരു വലിയ കമ്മ്യൂണിറ്റിയെ കൂടിയാണ്. പിന്നെ, ഞാൻ ജൂഡിൽ വിശ്വസിച്ചു. അതാണ്, അതിന്റെ സത്യം. 

വെല്ലുവിളിയായ കടൽ രംഗം

കടലിലെ രംഗം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. തോണിയിൽ നിന്നാണ് അതു മുഴുവൻ ചെയ്യേണ്ടത്. തിരകളുള്ള വെള്ളത്തിലാണ് തോണിയുള്ളത്. അത് എപ്പോഴും ആടിക്കൊണ്ടിരിക്കും. മുകളിൽ നിന്നു തിര വന്നു അടിക്കുന്ന രീതിയിലാണ് ആർട്ട് ഡയറക്ടർ സെറ്റ് ചെയ്തു വച്ചിരുന്നത്. വെള്ളം വന്ന് ശരീരത്തിലേക്ക് ശക്തിയായി തെറിച്ചു വീഴും. ഓരോ തവണ ഇങ്ങനെ വെള്ളം വന്നു ശരീരത്തിൽ വീഴുമ്പോഴും ഞാനും തെറിച്ചു വീഴും. വെള്ളമല്ലേ… എങ്ങനെ വന്നു പതിക്കുമെന്ന് പറയാൻ പറ്റില്ലല്ലോ. ബാലൻസ് ചെയ്തു തോണിയിൽ നിൽക്കാൻ നന്നേ പ്രയാസപ്പെട്ടു. പല തവണ ഞാൻ വീണു പോയി. എന്റെ വിരലിനു പരിക്കു പറ്റി. കാസ്റ്റ് ഇട്ടാണ് പിന്നീട് അഭിനയിച്ചത്. ക്ലോസ് അപ് ഷോട്സ് വരുമ്പോൾ കാസ്റ്റ് ഊരി വയ്ക്കും. എന്റെ കയ്യുടെ നിറത്തിൽ അതു പെയ്ന്റ് ചെയ്തിരുന്നു. ലോങ് ഷോട്ടിൽ അത് ഉപയോഗിച്ചിരുന്നു. 

സെറ്റിലെ എനർജി

രാത്രി ഷൂട്ട്, കൃത്രിമ മഴ, ഒറിജിനൽ മഴ, പ്രൊപ്പല്ലർ, കാറ്റ്… അങ്ങനെ ഒട്ടും എളുപ്പമായിരുന്നില്ല ഷൂട്ടിങ് ദിനങ്ങൾ. ശരിക്കും ക്ഷീണിച്ചു പോകുമായിരുന്ന സാഹചര്യങ്ങളായിരുന്നു. പക്ഷേ, നോക്കുമ്പോൾ സംവിധായകൻ വെള്ളത്തിൽ നിൽക്കുന്നു. ക്യാമറമാനും മറ്റു ടെക്നീഷ്യൻസും വെള്ളത്തിലറങ്ങിയാണ് നിൽക്കുന്നത്. അവരങ്ങനെ പണി എടുക്കുമ്പോൾ അഭിനേതാക്കളും ഊർജ്ജ്വസ്വലരായി തീരും. പിന്നെ, 2018 എന്നത് വെറും ഒരു സിനിമ അല്ലല്ലോ. ചരിത്രത്തിന്റെ തന്നെ ഭാഗമാകാൻ പോകുന്ന സിനിമ അല്ലല്ലോ. ഈ ചിന്തയിൽ അറിയാതെ തന്നെ ഊർജ്ജം വരും. അതുകൊണ്ട്, മറ്റൊന്നും ഒരു പ്രശ്നമായി അനുഭവപ്പെട്ടില്ല. എന്റെ കഥാപാത്രം ഉറപ്പായും പ്രേക്ഷകരുടെ മനസിൽ എക്കാലവും നിലനിൽക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments