Friday, July 31, 2026
Home Blog Page 191

എംഡിഎംഎയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊല്ലത്ത് പിടിയില്‍

0

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർഥി പിടിയിൽ. സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥി കോഴിക്കോട് സ്വദേശി നൗഫലാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിലായത്. 72 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

ബംഗളുരുവിൽ നിന്നും എംഡിഎംഎ കൊണ്ടുവന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്തർ സംസ്ഥാന ബസുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് നൗഫൽ പിടിയിലായത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള സമഗ്രഹികളും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്തെ അൽതാഫ് എന്ന ആളാണ് ലഹരിമരുന്ന് നൽകിയതെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. പ്രതിയും എം.ഡി.എം.എ. ഉപയോഗിച്ച് ലഹരിയായതിനാൽ പോലീസിന് വിശദമായി ചോദ്യംചെയ്യാനായിട്ടില്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

മലപ്പുറത്തെ 13 കാരന്റെ മരണം ഷോക്കേറ്റ്; കൃഷി ഉടമയ്‌ക്കെതിരെ കേസ്

0

മലപ്പുറം പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. കാട്ടുപന്നികളെ തുരത്താനായാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമരമ്പലത്തെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് യുവാവ് കാമുകിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചശേഷം സ്വയം കഴുത്തറത്തു

0

നേമത്ത് യുവതിയെ കഴുത്തിൽ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. രാവിലെ എട്ടരയോടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡിൽ വച്ച് രമ്യ ദീർഘനേരം സംസാരിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന് ദീപക് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് രമ്യയുടെ വീട്ടിൽ ഒളിച്ചിരുന്ന പ്രതി പൊലീസെത്തിയതറിഞ്ഞ് കൈയിലെ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന്നും ഇവർ രമ്യയുടെ വീടിന് മുന്നിലെ റോഡിൽ വച്ച് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേസമം സംഭവത്തിൽ നിർണായകമായി അയൽവാസിയുടെ മൊഴി. രാവിലെ രമ്യയുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടുവെന്നും പിന്നാലെ രമ്യയുടെ നിലവിളി കേട്ടെന്നും അയൽവാസി പറയുന്നു. ദീപക്ക് വീട്ടിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പാണ് ദീപക് സ്വയം പരിക്കേൽപ്പിച്ചതെന്നും അയൽവാസി പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. എന്നാൽ ദീപക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് വീട്ടിൽ കഴിയുന്നത്. അമ്മ നേമത്ത് പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്.

ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

0

ശബരിമല തീർഥാടനതിനായി അലങ്കരിച്ച വാഹനങ്ങൾ പാടില്ലെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുഷ്‌പങ്ങളും ഇലകളും വച്ച് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റും തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾ മിക്കതും ഇത്തരത്തിൽ അലങ്കരിച്ചാണ് വരാറുള്ളത്. ശബരിമല സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. സർക്കാർ ബോർഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.

ഗാസയിൽ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ മരണം 500 കടന്നു; കടുത്ത പ്രതിഷേധവുമായി ലോക രാഷ്ട്രങ്ങൾ

0

ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ മരണസംഖ്യ 500 കടന്നു. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ പറഞ്ഞു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പലസ്തീൻ പറയുന്നത്. എന്നാല്‍ ഹമാസിന്റെ മിസൈല്‍ തന്നെയാണ് ആശുപത്രിക്ക് മേല്‍ പതിച്ചത് എന്നാണ് ഇസ്രായേലിന്റെ ആരോപണം.

ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും ആവർത്തിക്കുന്നു.

ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യയും യുഎഇയും അടിയന്തരമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫാത്താഹ് എല്‍- സിസിയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആക്രമണങ്ങളുടെപശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു.

പി എൻ മഹേഷ് പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

0

ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മഹേഷിനെ മേൽശാന്തിയായി തെരഞ്ഞെടുത്തത്.പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. തൃശ്ശൂർ സ്വദേശിയാണ് മുരളി.17 പേരാണ് ശബരിമല മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് മഹേഷിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിമാരുടെ പട്ടികയിലുണ്ടായിരുന്ന 12 പേരിൽനിന്നാണ് പി.ജി മുരളിയെ തെരഞ്ഞെടുത്തത്.

മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്.

ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം ദിവസവും നടത്തപ്പെടും. 22ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും.

എരുമേലിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

0

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരുക്കേറ്റു.

ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്നു പുലർച്ചെ 6.15 ഓടെയാണ് അപകടം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ കുറച്ച് നേരത്തേക്ക് ഗതാഗത തടസമുണ്ടായി.

മഴക്കാലത്തെ ഭക്ഷണം; എന്തൊക്കെ കഴിയ്ക്കാം, കഴിക്കരുത്

0

വൈവിധ്യങ്ങളാൽ സമ്പന്നമായ ഭക്ഷണ ശൈലിയുള്ളവരാണ് കേരളീയർ. പ്രവാസി ജീവിതത്തിൽ പോലും രുചി പരീക്ഷണങ്ങൾക്കു ഇടയിലും നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉള്ള ഭക്ഷണ ശൈലിയാണ് കേരളത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ കൃഷി വിഭവങ്ങളുടെ ലഭ്യതയും പ്രാധാന്യവും അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം നമ്മുടെ പൂർവികർ പാലിച്ചുപൊന്നിരുന്നു.

കാലം മാറി, ഫാസ്റ്റ്ഫുഡുകൾ തീൻമേശകളിൽ ഇടം പിടിച്ചതോടെ നമ്മുടെ ആരോഗ്യവും ഇല്ലാതെയായി. ശരിയായ ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിന് വേണ്ട ഊർജം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ മഴക്കാലത്ത് കരുതലോടെ കഴിച്ച് ആരോഗ്യവാൻമാരായി ഇരിക്കാം.

എന്തും കഴിക്കാൻ വരട്ടെ

മഴക്കാലത്തു വയറിളക്കം പോലുള്ള അസുഖങ്ങളും ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് വേവിച്ച ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. വേവിക്കാത്ത ഭക്ഷണത്തിൽ ജീവനുതന്നെ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ധാരാളമായി ഉണ്ടാകും. മാംസം ചേർത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തിൽ രോഗകാരികളായ സൂക്ഷമജീവികൾ പടരാൻ സാധ്യതയുണ്ട്.

കഞ്ഞി നിസ്സാരക്കാരനല്ല

ഈ സമയത്ത് ദഹനശക്തി കുറവായിരിക്കും. അതിനാൽ പെട്ടന്ന് ദഹിക്കുന്ന ഭക്ഷണമാകാം. അതിൽ മിടുക്കൻ കഞ്ഞി തന്നെ. കുറച്ച് പയറും കൂട്ടി ചെറു ചൂടോടെ കഞ്ഞി കുടിച്ചാൽ ദഹനപ്രശ്നങ്ങൾ പാടേ മാറും. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ചേർത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ നല്ലതാണ്.

സ്ട്രീറ്റ് ഫുഡ് ഒഴിവാക്കാം

മഴക്കാലത്ത് ശുചിത്വം പരമപ്രധാനമാണ്. പരിസര ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷത്തിൽ താപനില വളരെ കുറഞ്ഞ സമയമായതിനാൽ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുൾപ്പടെയുള്ള സൂക്ഷ്മജീവികളുടെ വളർച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാക്കും. അതിനാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുക.

വറുത്തതും പൊരിച്ചതും

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യരുത്. മഴ സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാണ്. അതിനാൽ എണ്ണയിൽ വറുത്ത പലഹാരങ്ങളും മറ്റും ദഹിക്കാൻ പ്രയാസമാകും. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങളും ഉപയോഗിക്കാതിരിക്കുക.

പഴവർഗങ്ങളും പച്ചക്കറികളും

പഴങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ആവശ്യത്തിന് ജീവകങ്ങളും ധാതുക്കളും ഇത് പ്രദാനം ചെയ്യും. ചുരയ്ക്ക, പീച്ചിങ്ങ, പാവയ്ക്ക, മത്തങ്ങ മുതലായ പച്ചക്കറികള്‍ ഈ കാലത്ത് ധാരാളമായി ലഭിക്കും. ഇവയിൽ നാരുകളും ആന്റി-ഓക്‌സിഡന്റുകളും സമ്പുഷ്ടമായി ഉണ്ട്. കുരുമുളക്, തുളസി, പുതിന, തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താം.

വെള്ളം കുടിക്കാൻ മറക്കരുതേ

ഭക്ഷണസാധനങ്ങളില്‍ മാത്രമല്ല വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. മഴക്കാലത്ത് പൈപ്പിൽ നിന്ന് ലഭിക്കുന്ന ജലം മലിനമാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഇത് മഴക്കാല രോഗങ്ങള്‍ക്ക് വഴിവെക്കും. തിളപ്പിച്ച് മാത്രം വെള്ളം കുടിക്കുക. മഴക്കാലത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

സ്വവർഗ വിവാഹത്തിന് നിയമാധുതയില്ല; 3-2 ന് സുപ്രീം കോടതി ഹർജികൾ തള്ളി

0

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. ഹർജികളിൽ വെവ്വേറ വിധികളാണ് സുപ്രീം കോടതി അഞ്ചംഗ ബഞ്ച് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹർജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവർ എതിർത്തു.

എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂ. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി കാഴ്ചപ്പാടാണിത്. നഗരങ്ങളിൽ ഉള്ള എല്ലാവരും വരേണ്യ വർഗമല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ദുബൈ ജൈറ്റക്‌സില്‍ സന്ദര്‍ശകത്തിരക്കേറി: പങ്കെടുക്കുന്നത് 6000 കമ്പനികള്‍

0

ദുബൈയില്‍ ഇന്നലെ ആരംഭിച്ച ജൈറ്റക്‌സ് ഗ്ലോബലില്‍ സന്ദര്‍ശക തിരക്കേറി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രദര്‍ശകരിലും സന്ദര്‍ശകരിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് സന്ദര്‍ശകര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംഘാടകര്‍.

ജൈറ്റെക്‌സിന്റെ ആദ്യ ദിനം തന്നെ ആയിരങ്ങളാണ് എത്തിയത്. എല്ലാ ഹാളുകളും തന്നെ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു.കൂടുതല്‍ ആളുകളും ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ മെട്രോ സ്‌റ്റേഷന്‍ ഉപയോഗിച്ചത് കൊണ്ട് ട്രെയിനുകളിലും തിരക്ക് അനുഭവപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ജൈറ്റക്‌സിന്റെ നാല്‍പ്പത്തിമൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. 180-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി ആറായിരത്തിലധികം പ്രദര്‍ശകര്‍ ആണ് ഇത്തവണ ജൈറ്റക്‌സില്‍ എത്തിയിരിക്കുന്നത്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധികഷ്ഠിതമായ പ്രോജക്ടുകള്‍ ആണ് ഇത്തവണയും ശ്രദ്ധനേടുന്നത്. ആയിരത്തിലധികം കമ്പനികളാണ് എ.ഐ അധിഷ്ഠിത പദ്ധതികളുമായി
ജൈറ്റക്‌സില്‍ എത്തിയിരിക്കുന്നത്. യുഎഇയിലെ ഫെഡറല്‍- പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും സൗദി അറേബ്യ അടക്കം നിരവധി വിദേശരാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും ജൈറ്റക്‌സില്‍ ഉണ്ട്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി, ജിഡിആര്‍എഫ്, യുഎഇ ഫെഡറല്‍ അഥോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സേവനരംഗത്ത് നടപ്പാക്കാന്‍ പോകുന്ന സാങ്കേതികസംവിധാനങ്ങള്‍ ജൈറ്റക്‌സില്‍ ആദ്യ അവതരിപ്പിച്ചിട്ടുണ്ട്.

ജൈറ്റക്‌സിന് ഒപ്പം സ്റ്റാര്‍ട്ടപ്പുകളുടെ മേളയായ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിനും ദുബൈ വേദിയാകുകയാണ്. ഒക്ടോബര്‍ പതിനഞ്ചിന് ആരംഭിച്ച എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ നാളെ അവസാനിക്കും. ദുബൈ ഹാര്‍ബറിലും വേള്‍ഡ് ട്രേയ്ഡ് സെന്ററിലുമായിട്ടാണ് എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ അരങ്ങേറുന്നത്. ഇരുപത്തിയേഴ് ലക്ഷം ചതുരശ്രയടി വീസ്തീര്‍ണ്ണത്തിലാണ് രണ്ട് പ്രദര്‍ശനങ്ങളും നടക്കുന്നത്. ഒക്ടോബര്‍ ഇരുപതിനാണ് ജൈറ്റക്‌സ് സമാപിക്കുക.