Monday, September 9, 2024
HomeTechnology300 കോടിക്ക് 300 ഏക്കർ സ്ഥലം വാങ്ങി ഫോക്സ്കോൺ, ആഘോഷമാക്കി ബിജെപി

300 കോടിക്ക് 300 ഏക്കർ സ്ഥലം വാങ്ങി ഫോക്സ്കോൺ, ആഘോഷമാക്കി ബിജെപി

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് മേയ് 9ന് തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോൺ ബെംഗളൂരുവിൽ 300 കോടി രൂപയ്ക്ക് 300 ഏക്കര്‍ സ്ഥലം വാങ്ങിയതായി പ്രഖ്യാപിച്ചത്. ഫോക്സ്കോണിന്റെ ഈ നീക്കം ബിജെപി പ്രവർത്തകർ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് വന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു. ഐഫോൺ നിർമാണ പ്ലാന്റ് സ്ഥാപിക്കാനാണ് ഫോക്സ്കോൺ സ്ഥലം വാങ്ങിയിരിക്കുന്നത്.

നിരവധി പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലായ ചൈനയിലെ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് ഫോക്സ്കോൺ ശ്രമിക്കുന്നത്. ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്‌ട്രി എന്ന ഔദ്യോഗിക പേരിലും അറിയപ്പെടുന്ന ഫോക്‌സ്‌കോൺ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങൾ നിര്‍മിച്ചു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളൊന്നാണ്. ആപ്പിളിന് ഏറ്റവും കൂടുതൽ ഐഫോണുകൾ നിര്‍മിച്ചു നല്‍കുന്നതും ഫോക്സ്കോൺ തന്നെ.

ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ 1.2 ദശലക്ഷം ചതുരശ്ര മീറ്റർ (13 ദശലക്ഷം ചതുരശ്ര അടി) ഭൂമി ഏറ്റെടുത്തതായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അറിയിച്ചിട്ടുണ്ട്. മറ്റൊരു ഫോക്‌സ്‌കോൺ യൂണിറ്റിനായി വിയറ്റ്‌നാമിലെ എൻഗെ ആൻ പ്രവിശ്യയിൽ 480,000 ചതുരശ്ര മീറ്റർ സ്ഥലവും വാങ്ങിയിട്ടുണ്ട്.

ആപ്പിൾ ഉടൻ തന്നെ സംസ്ഥാനത്തെ പുതിയ പ്ലാന്റിൽ ഐഫോണുകൾ നിർമിക്കുമെന്നും ഇത് ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ മാർച്ചിൽ പറഞ്ഞിരുന്നു. അതേമാസം തന്നെ കർണാടകയിലെ പുതിയ ഫാക്ടറിയ്ക്കായി 70 കോടി ഡോളർ നിക്ഷേപിക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തെ സ്മാർട് ഫോൺ നിർമാണ മേഖല അതിവേഗം മുന്നേറുകയാണ്. ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ചൈനയിലെ ഐഫോൺ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകള്‍ ഉപയോഗപ്പെടുത്താനാണ് ഇവരുടെ ശ്രമം.

ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. അതേസമയം, വിസ്‌ട്രോൺ ബെംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 (ബേസിക്) മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യത്ത് വിൽക്കുന്ന എല്ലാ പ്രോ മോഡലുകളും ഇറക്കുമതി ചെയ്തവയാണ്. മൂന്ന് നിർമാതാക്കളും കേന്ദ്ര സർക്കാരിന്റെ 41,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പ്രോഗ്രാമിന്റെ (പിഎൽഐ) ഭാഗമാണ്.

ആപ്പിളിന്റെ ഏറ്റവും വലിയ നിർമാണ വിപണികളിലൊന്നാണ് ചൈനയെങ്കിലും ഉപകരണങ്ങളുടെ നിർമാണത്തിനായി ഒരു വിപണിയെ അമിതമായി ആശ്രയിക്കാൻ കഴിയില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞു കഴിഞ്ഞു. ആപ്പിളിന്റെ ചൈനയിലെ പ്രധാന ഫാക്ടറിയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നതോടെയാണിത്. കൂടാതെ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും മറ്റു പ്രശ്‌നങ്ങളും ആപ്പിളിന്റെ ഉപകരണങ്ങളുടെ ഉൽ‌പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments