യുഎഇ-ഇറാന്‍ ബന്ധത്തില്‍ പുതിയ നയതന്ത്ര നീക്കത്തിന് സാധ്യത. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നുണ്ടെങ്കിലും, ചര്‍ച്ചകള്‍ക്ക് പുതിയ വാതില്‍ തുറന്നതായി യുഎഇ പ്രസിഡന്റ്ിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് സമ്മിറ്റ് വേദി നിര്‍ണായകമായെന്നും അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ന്യൂഡെല്‍ഹിയില്‍ നടത്തിയ കൂഴിടക്കാഴ്ചയാണ് പുതിയ നയതന്ത്ര നീക്കത്തിന് തുടക്കംകുറിച്ചത്. എല്ലാ വിഷയങ്ങളിലും ധാരണയായിട്ടില്ലെങ്കിലും, നിലവിലെ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനും ഭാവി ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പുതിയ വാതില്‍ തുറന്നതായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. യുക്തിസഹമായ നിലപാടുകളാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെക്ഷിയാന്‍ സ്വീകരിച്ചതെന്നും അന്‍വര്‍ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.
ഇറാനുമായി വിശ്വാസം പുനഃസ്ഥാപിക്കാന്‍ വാക്കുകള്‍ക്കപ്പുറം നയതന്ത്രനടപടികള്‍ ആവശ്യമാണെന്നും ഗര്‍ഗാഷ് വ്യക്തമാക്കി. വ്യാപാരം, വ്യോമയാനം, വിപണികളിലേക്കും തുറമുഖങ്ങളിലേക്കുമുള്ള പ്രവേശനം തുടങ്ങിയ സാമ്പത്തിക-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക രാഷ്ട്രീയത്തിലെ ഇറാന്റെ പങ്കും പുനഃപരിശോധിക്കണമെന്ന് ഗര്‍ഗാഷ് ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത് പരമാധികാരവും സുരക്ഷിതമായ വ്യാപാരപാതകളും മേഖലയിലെ സ്ഥിരതയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷ ഗള്‍ഫിന്റെ മൊത്തത്തിലുള്ള സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും ഗര്‍ഗാഷ് പറഞ്ഞു. സൗദിയെ ബാധിക്കുന്ന ഏതൊരു സുരക്ഷാ പ്രശ്‌നവും യുഎഇയെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



