Saturday, April 11, 2026
HomeNewsGulfകൂടിക്കാഴ്ച നടത്തി നേതാക്കള്‍ ,കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍

കൂടിക്കാഴ്ച നടത്തി നേതാക്കള്‍ ,കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍

വെല്ലുവിളികള്‍ക്കിടയിലും രാജ്യം കാത്തുസൂക്ഷിക്കുന്ന കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസ്താവന. ഏത് പ്രതിസന്ധിയെയും നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ സജ്ജമാണെന്നും ഭരണ നേതൃത്വം ആവര്‍ത്തിച്ചു.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യുഎഇയ്ക്ക് നേരെ നടന്ന ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യുഎഇ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും പുലര്‍ത്തിയ അസാമാന്യ ജാഗ്രതയെ ഭരണാധികാരികള്‍ പ്രശംസിച്ചു. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കുന്നതിനൊപ്പം സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സൈനിക-സിവില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ നിസ്തുലമാണെന്ന് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ശക്തമായ സ്ഥാപനങ്ങളും കെട്ടുറപ്പുള്ള സമൂഹവുമാണ് യുഎഇയുടെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം കാട്ടിയ സഹിഷ്ണുതയും പോരാട്ടവീര്യവും ലോകത്തിന് മാതൃകയാണ്. ജനങ്ങളുടെ ഐക്യമാണ് നാടിന്റെ കരുത്ത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള രാജ്യത്തിന്റെ ശേഷി വരും ദിവസങ്ങളിലും കാത്തുസൂക്ഷിക്കുമെന്നും ഐക്യത്തോടെയുള്ള ഈ മുന്നേറ്റം തുടരുമെന്നും ഭരണാധികാരികള്‍ ഉറപ്പുനല്‍കി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് ഉപഭരണാധികാരികളും ഉപപ്രധാനമന്ത്രിമാരുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങി നിരവധി ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments