യുഎഇ വിപണികളില്‍ വിലക്കയറ്റം തടയാനായി സാമ്പത്തികടൂറിസം മന്ത്രാലയം 20 ദിവസത്തിനിടെ നടത്തിയത് എണ്ണായിരത്തിലേറെ പരിശോധനകള്‍. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി 8,168 പരിശോധനകളാണ് അധികൃതര്‍ നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 2,000 ദിര്‍ഹം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി.ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് സാമ്പത്തികടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയത്. പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നീക്കത്തില്‍ 216 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 729 മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. വിപണിയിലെ പൂഴ്ത്തിവെപ്പും വില കൃത്രിമത്വവും തടയാന്‍ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 പ്രധാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ദിവസേന സ്റ്റോക്ക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന ഔട്ട്‌ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ പ്രധാന ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും അധികൃതര്‍ 36ലധികം തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. ഫെബ്രുവരി 28 നും മാര്‍ച്ച് 17 നും ഇടയില്‍ ലഭിച്ച 2,441 ഉപഭോക്തൃ പരാതികളില്‍ ഭൂരിഭാഗവും ഭക്ഷ്യവില വര്‍ദ്ധനവുമായി ബന്ധപ്പെട്ടവയായിരുന്നു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ മന്ത്രാലയം ഉടനടി ഇടപെട്ട് പരിഹരിച്ചിരുന്നു.



