Sunday, March 15, 2026
HomeNewsGulfഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ്ടു പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി

ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ്ടു പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. നേരത്തെ നീട്ടിവെച്ച പരീക്ഷകളടക്കമാണ് റദ്ദാക്കിയത്. ഫലപ്രഖ്യാപനം എങ്ങനെ വേണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.

ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് പരീക്ഷകള്‍ റദ്ദാക്കിയതായി അറിയിച്ചത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഒപ്പം ഇതുവരെ നീട്ടിവെച്ച പരീക്ഷകളും റദ്ദാക്കി. മേഖലയിലെ സംഘര്‍ഷ സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താണ് ഇത്തരം സാഹചര്യങ്ങളില്‍ ഫലം നിര്‍ണയിക്കാന്‍ സാധ്യത. യു.എ.ഇയില്‍ നടക്കേണ്ട സി.ഐ.എസ്.സി.ഇ 10, 12 പരീക്ഷകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാര്‍ച്ച് 2ല്‍ മുതല്‍ ഏപ്രില്‍ ആറുവരെ മാറ്റിയ പരീക്ഷകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments