ഖത്തറിലെ കരുതല്‍ ശേഖരം പൂര്‍ണ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉറപ്പാക്കിയതായും ആഭ്യന്തരമന്ത്രാലയം.. അടുത്ത പതിനെട്ട് മാസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ രാജ്യത്തുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഖത്തര്‍ വാര്‍ത്താ ഏജന്‍സി വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 18 മാസത്തേക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഭക്ഷ്യ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാന്‍ പുതിയ വിതരണ മാര്‍ഗങ്ങള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജല ലഭ്യതയുടെ കാര്യത്തില്‍ സ്ഥിതി വളരെ ആശ്വാസകരമാണ്. മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളിലൂടെ ഏകദേശം നാല് മാസത്തേക്ക് ആവശ്യമായ തന്ത്രപ്രധാനമായ ജല കരുതല്‍ ശേഖരം ഖത്തര്‍ ഒരുക്കിക്കഴിഞ്ഞു. ദേശീയ ജല സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഇതിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആരോഗ്യ മേഖലയിലെ സജ്ജീകരണംരാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ ആരോഗ്യ മേഖല പൂര്‍ണസജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആവശ്യമായ അവശ്യ മരുന്നുകളും, 12 മാസത്തേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളും നിലവില്‍ കരുതല്‍ ശേഖരത്തിലുണ്ട്. അതിനാല്‍ ആരോഗ്യ സേവനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.



