സ്വര്‍ണത്തിന്റെ വിലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 5500 നും മുകളിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് വിവിധ വിപണികളിലും വന്‍വിലകയറ്റമാണ് പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതില്‍ നിന്ന് ഏകദേശം 91 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 5511.51 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 5600 ഡോളറിന് മീതെയും വ്യാപാരം നടന്നു. ഇതിന്റെ പ്രതിഫലനം ദുബൈ അടക്കമുള്ള മാര്‍ക്കറ്റുകളിലും പ്രതിഫലിച്ചു. ദുബൈയില്‍ 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 666 ദിര്‍ഹത്തിനാണ് രാവിലെ വ്യാപാരം നടന്നത്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 616.75 ദിര്‍ഹം എന്ന നിലയിലും. കഴിഞ്ഞദിവസത്തേക്കാള്‍ യഥാക്രമം 26 ഉം 25 ഉം ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണം ചരിത്രത്തിലെങ്ങുമില്ലാത്ത അത്ര ഉയര്‍ച്ചയിലാണ് ഇന്ന് വിപണി തുറന്നത്. ഒറ്റയടിക്ക് സംസ്ഥാനത്ത് ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയുമായി. പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വര്‍ധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. ആഗോളരാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധനവിന് കാരണമായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്തു. ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായി. ഭാവിയില്‍ ഡോളറിന്റെ മൂല്യം കുറച്ചു നിര്‍ത്താന്‍ വൈറ്റ് ഹൗസിനുള്ളില്‍ ധാരണയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത് ഡോളര്‍ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറല്‍ റിസര്‍വ് മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ച ഘടകങ്ങളാണ്.



