ഗ്രീസിലെ വ്യോമാതിര്‍ത്തി അടച്ചത് യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്കുള്ള ചില വിമാന സര്‍വീസുകളെ ബാധിച്ചു. വ്യോമപാത മാറ്റിയാണ് മിക്ക വിമാനങ്ങളും ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇത് യാത്രാചിലവ് വര്‍ദ്ധനയ്ക്കും വഴിവെക്കുന്നുണ്ട്.
റേഡിയോ ഫ്രീക്വന്‍സിയിലെ തകരാറിനെ തുടര്‍ന്നാണ് ഗ്രീസിലെ വ്യോമാതിര്‍ത്തി അടച്ചിട്ടത്. ജനുവരി നാലിന് പൂര്‍ണമായും വ്യോമമേഖല അടച്ചിട്ടതോടെ മിക്ക വിമാനങ്ങളും ഗ്രീസിന് മുകളിലെ വ്യോമ പാത മാറിയാണ് സഞ്ചരിക്കുന്നത്. ഇത് വിമാനസര്‍വ്വീസുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് കൂടുതല്‍ സമയം എടുക്കുകയും യാത്രാചിലവില്‍ കാര്യമായ വര്‍ദ്ധന നേരിടുകയും ചെയ്തു. തെക്കുകിഴക്ക് നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്നാണ് ഗ്രീസിന്റെ വ്യോമാതിര്‍ത്തി. അതിനാല്‍ തന്നെ അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്ന മിക്ക വിമാനങ്ങളേയും ഇത് ബാധിക്കും. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ലൈദുബായ് തുടങ്ങിയ കമ്പനികള്‍ ഗ്രീസിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇവരുടേയെല്ലാം സേവനങ്ങളെ നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ശൈത്യകാലത്തിനും റമദാനിനും മുമ്പുള്ള ഈ സമയത്ത് നിരവധി പേരാണ് യൂറോപ്പില്‍ നിന്നും മറ്റും ജിസിസിയിലേക്ക് യാത്ര ചെയ്യുന്നത്. അവരെയെല്ലാം ടിക്കറ്റ് നിരക്ക് ഉയരുന്നത് ബാധിക്കും.



