Friday, February 27, 2026
HomeNewsKeralaമേയറാക്കാതെ പറ്റിച്ചു : അതൃപ്തി പരസ്യമാക്കി ശ്രീലേഖ

മേയറാക്കാതെ പറ്റിച്ചു : അതൃപ്തി പരസ്യമാക്കി ശ്രീലേഖ


തിരുവനന്തപുരം കോര്‍പേറേഷനില്‍ ബിജെപിക്കകത്ത് പൊട്ടിത്തെറി. മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ട ആര്‍ ശ്രീലേഖ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. തന്നെ മേയറാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മത്സരിപ്പിച്ചതെന്നും എന്നാല്‍ ഒടുവില്‍ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും ശ്രീലേഖ പറഞ്ഞു.

ശാസ്തമംഗലത്ത് തന്നെ മത്സരിക്കാന്‍ ഇറങ്ങിയത് വെറും കൗണ്‍സിലറാകാന്‍ വേണ്ടിമാത്രമായിരുന്നില്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറ്ത്തായിരുന്നുവെന്നുമാണ് ശ്രീലേഖ പറയുന്നത്.
മത്സരിക്കാന്‍ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താന്‍. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നല്‍കി. താനാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയില്‍ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും.
എന്നാല്‍, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്റെ കണക്കുകൂട്ടല്‍. നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മേയര്‍ സ്ഥാനം സംബന്ധിച്ചുള്ള അതൃപ്തിയും ചര്‍ച്ചയാകുന്നത്. വിവി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകളായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നത്. അവസാന നിമിഷം വരെ മേയര്‍ ആരാകുമെന്നതില്‍ ബിജെപി സസ്‌പെന്‍സും തുടര്‍ന്നിരുന്നു. തുടര്‍ന്ന് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ മത്സരത്തിന് മുമ്പായിട്ടാണ് ബിജെപി വിവി രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചത്. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ആര്‍ ശ്രീലേഖ നേരത്തെ മടങ്ങിപോയതും നേരത്തെ വാര്‍ത്തയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments