വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ആയി നിയമിച്ച് വെനസ്വേല സുപ്രീം കോടതി. പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനേയും ബന്ദികളാക്കി ന്യൂയോര്‍ക്കിലെത്തിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അതിനിടെ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
വെനസ്വേലയില്‍ യുഎസ് നടത്തിയ ആക്രമണത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനേയും ബന്ദികളാക്കി അമേരിക്ക ന്യൂയോര്‍ക്കിലെത്തിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. വെനിസ്വേലന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് വ്യവസ്ഥ. ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് അധികാരക്കൈമാറ്റം. മഡുറോയെ യുഎസ് ബന്ദിയാക്കി കൊണ്ടു പോയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഡുറോയേയും ഭാര്യയേയും ഉടന്‍ മോചിപ്പിക്കണമെന്നും യുഎസ് നടപടി വെനിസ്വേലയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും യോഗം വിശേഷിപ്പിച്ചു. അതേസമയം, മഡുറോ പിടിക്കപ്പെട്ടതിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായി റോഡ്രിഗസ് സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാന്‍ തയ്യാറെന്ന് അവര്‍ തുറന്നു സമ്മതിച്ചെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ മഡുറോയെ ബന്ദിയാക്കിയയതിന് പിന്നാലെ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളില്‍ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, വെനിസേലയ്‌ക്കെതിരായ ആക്രമണത്തിന് പിന്നില്‍ സയണിസ്റ്റുകളാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. നിയമനിര്‍മ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഡെല്‍സി റോഡ്രിഗസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2018-ലാണ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്. ഇത് രാജ്യത്തെ പ്രധാനവ്യക്തികളില്‍ ഒരാളാക്കി മാറ്റി. സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന വ്യക്തികൂടിയായ റോഡ്രിഗസിനെ ‘കടുവ’ എന്നായിരുന്നു മഡുറോ വിശേഷിപ്പിച്ചിരുന്നത്.



