പുതുവത്സരാഘോഷത്തിന്റെ പകിട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബൈ, ആഘോഷത്തിന് ശേഷമുള്ള ശുചീകരണപ്രവര്‍ത്തനത്തിലൂടെയും ലോകത്തിന് മാതൃകയായി. പുതുവത്സരാഘോഷത്തിന് ശേഷം രാത്രി മുഴുവന്‍ നടത്തിയ വന്‍ ശുചീകരണപ്രവര്‍ത്തനം തെരുവുകളെയും ബീച്ചുകളെയും സാധാരണ നിലയിലാക്കി. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായത്.
പുതുവത്സരാഘോഷ പദ്ധതി തയ്യറാക്കിയപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റി അതില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് ശുചീകരണപ്രവര്‍ത്തനത്തിനായിരുന്നു. പുതുവത്സരാഘോഷങ്ങള്‍ക്കായി മുന്‍കൂട്ടി തയ്യാറാക്കിയ സമഗ്ര പദ്ധതിയുടെ അവസാന ഘട്ടമായിരുന്നു ശുചീകരണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധചെലുത്തി. ഇതിനായി 3,000-ത്തിലധികം തൊഴിലാളികളെയാണ് വിന്യസിച്ചത്. 200 സൂപ്പര്‍വൈസര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും 400-ഓളം വാഹനങ്ങളുടെയും പിന്തുണ ഇതിനായി ഉറപ്പു വരുത്തി. ആഘോഷങ്ങള്‍ക്ക് മുമ്പും, ആഘോഷ സമയത്തും, ശേഷവും ഇവര്‍ കര്‍മ്മനിരതരായി. ആഘോഷങ്ങള്‍ അവസാനിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ തെരുവുകള്‍, ബീച്ചുകള്‍, പൊതു ഇടങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനായി ഇവര്‍ ശുചീകരണം ആരംഭിച്ചു. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പോലും യൂണിഫോം ധരിച്ച ക്ലീനര്‍മാര്‍ തെരുവുകള്‍ തൂത്തുവാരുന്നതും മാലിന്യം ശേഖരിക്കുന്നതും കാണാമായിരുന്നു. പ്രധാന റോഡുകള്‍, പൊതു സ്‌ക്വയറുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, ഇവന്റ് സോണുകള്‍ എന്നിവ ഇവര്‍ ശുചിയാക്കി. മാലിന്യങ്ങള്‍ കാര്യക്ഷമമായും സുരക്ഷിതമായും നീക്കം ചെയ്യുകയും ചെയ്തു. അങ്ങനെ ഏറ്റവും മികച്ച പരിപാടി സംഘടിപ്പിക മാത്രമല്ല, അതിന് ശേഷമുള്ള ശുചീകരണപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും അത് സമയബന്ധിതമായി നടപ്പിലാക്കേണ്ട രീതിയും ദുബൈ ലോകത്തിന് കാണിച്ചു തന്നു.



