ഒമാനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രഫഷനല്‍ ലൈസന്‍സുകളും തടയുന്നതിന് പ്രവാസികള്‍ക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം.വിദേശികള്‍ ഒമാനില്‍ ജോലിക്കായി എത്തുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കണം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഒമാനില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.എന്‍ജിനിയറിങ്, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ജോലി നേടുന്നതിന് അതത് സെക്ടറല്‍ സ്‌കില്‍ യൂണിറ്റുകളുടെ അംഗീകാരം മുന്‍കൂട്ടി നേടിയിരിക്കണം. ഒമാന്‍ പ്രഫഷനല്‍ അക്രഡിറ്റേഷന്‍ സംവിധാനത്തിന് കീഴിലാണ് പ്രവാസി തൊഴിലാളികള്‍ക്ക് പ്രീ എന്‍ട്രി ആവശ്യകതകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. വിദേശി തൊഴിലാളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ അക്കാദമിക്, പ്രഫഷനല്‍ യോഗ്യതകള്‍ പരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പ്രഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ സഹര്‍ ബിന്‍ അബ്ദുല്ല അല്‍ ശൈഖ് പറഞ്ഞു. യോഗ്യത ഔദ്യോഗികമായി പരിശോധിച്ചതിനുശേഷം മാത്രമേ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സ് നല്‍കൂ. ലൈസന്‍സ് നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ, അതായത് അക്രഡിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല.
പുതിയ പ്രവാസി തൊഴിലാളികള്‍ക്കും നിലവിലുള്ള വിദേശ തൊഴിലാളികള്‍ക്കും ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഈ ആവശ്യകതകള്‍ ബാധകമാണെന്നും, തൊഴില്‍ കാലയളവിലുടനീളം തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും അറിയിച്ചു.വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ പിഴകള്‍ ചുമത്തുമെന്നും അറിയിച്ചു.ഊര്‍ജ്ജ, ധാതു മേഖല ഉള്‍പ്പെടെ ചില മേഖലകള്‍ക്ക് 2026 ജൂണ്‍ ഒന്ന് വരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍
കാലയളവ് അനുവദിച്ചിട്ടുണ്ട്.



