ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വിവാദത്തില്‍ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം വെള്ളാപ്പള്ളിയെ സ്വന്തം വാഹനത്തില്‍ കയറ്റിയതിനെ പിണറായി വീണ്ടും ന്യായീകരിച്ചു.
സ്വര്‍ണപാളി കേസിലെ മുഖ്യപ്രതിയായ ഉണ്്ണി കൃഷ്ണന്‍ പോറ്റി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രി സ്വര്‍ണപാളികേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന അടൂര്‍ പ്രകാശ് ഇപ്പോള്‍ പറയുന്നത് കൂടിക്കാഴ്ച്ചയില്‍ തനിക്ക് പങ്കില്ലെന്നാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നതെന്നും ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന അടൂര്‍ പ്രകാശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌ഐടി നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ട്. അന്വേഷണത്തില്‍ പരാതികള്‍ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെ്ന്നും അദ്ദേഹം പറഞ്ഞു. അതേസമയം പദ്മകുമാറിനെതിരെ നടപടി വാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നുകൊണ്ട് തനിക്ക് പറയാനാവില്ലെന്നായിരുന്നു മറുപടി. അതിനിടെ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ വീണ്ടും പിണറായി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. താനാണെങ്കില്‍ കാറില്‍ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് അതിന് ബിനോയ് വിശ്വമല്ല പിണറായി എന്നായിരുന്നു പ്രതികരണം



