പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബൈ മെട്രോ 43 മണിക്കൂര്‍ നിര്‍ത്താതെ സര്‍വ്വീസ് നടത്തും. ആഘോഷങ്ങള്‍ക്കായി ദുബൈയിലെ ചില റോഡുകള്‍ താല്ക്കാലികമായി അടച്ചിടുമെന്നും ആര്‍ടിഎ അറിയിച്ചു.
പുതുവത്സരത്തെ വരവേല്‍ക്കാനായി ദൂബൈ തയ്യാറെടുക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നട്ക്കുന്ന ആഘോഷപരിപാടികളില്‍ ജനങ്ങള്‍ക്ക് എത്തിച്ചേരാനായി വന്‍ ക്രമീകരണങ്ങളാണ് ഭരണകൂടം ഒരുക്കുന്നത്. യാത്ര സുഖകരമാക്കാന്‍ മെട്രോ സര്‍വ്വീസ് തുടര്‍ച്ചയായി 43 മണിക്കൂര്‍ സര്‍വ്വീസ് നടത്തും. എമിറേറ്റ്‌സ് ടവേഴ്സ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ, ബുര്‍ജ് ഖലീഫ, എന്നിവയുള്‍പ്പെടെ പ്രധാന സ്റ്റേഷനുകളില്‍ അധിക സര്‍വീസുകള്‍ നടത്തും. ആഘോഷത്തിന്റെ ഭാഗമായി ചില റോഡുകള്‍ അടച്ചിടും. ദുബൈ ഡൗണ്‍ടൗണിന് ചുറ്റുമുള്ള റോഡുകളാണ് അടച്ചിടുന്നത്. വിവിധ സമയങ്ങളിലായാണ് ഈ റോഡുകള്‍ അടച്ചിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈകുന്നേരം 4 മുതല്‍: അല്‍ ഇസ്തിഖ്ലാല്‍ സ്ട്രീറ്റ്, അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ്, ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ബുര്‍ജ് ഖലീഫ സ്ട്രീറ്റ്. രാത്രി 8 മുതല്‍: അല്‍ മുല്‍തഖ (അല്‍ മുലൂക്ക്) സ്ട്രീറ്റ് , രാത്രി 9 മുതല്‍: അപ്പര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, രാത്രി 11 മുതല്‍: ഷെയ്ഖ് സായിദ് റോഡ് എന്നിവയാണ് അടച്ചിടുക. പൊതുജന സുരക്ഷയും സുഗമമായ സഞ്ചാരവും നിലനിര്‍ത്തുന്നതിനൊപ്പം ജനസാന്ദ്രത കുറയ്ക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. ദുബായ്, ബുര്‍ജ് ഖലീഫ, ഡൗണ്‍ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ബ്ലൂവാട്ടേഴ്സ്, ബുര്‍ജ് അല്‍ അറബ്, എക്സ്പോ സിറ്റി ദുബായ്, ഗ്ലോബല്‍ വില്ലേജ്, അറ്റ്‌ലാന്റിസ് ദി പാം, പാം ജബല്‍ അലി എന്നിവയുള്‍പ്പെടെ 40 സ്ഥലങ്ങളിലായി 48 വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ക്കാണ് ദുബായ് പുതുവര്‍ഷരാവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.



