Monday, October 14, 2024
HomeNewsKerala40 കോടി ലഭിക്കും; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് നൽകാനാകുമെന്ന് മന്ത്രി ആന്റണി രാജു

40 കോടി ലഭിക്കും; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് നൽകാനാകുമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചർച്ച നടത്തി. 40 കോടി രൂപ ഉടന്‍ നൽകാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയാൽ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാൻ ക്രമീകരണം ഏർപ്പടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം. അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേസ് കേന്ദ്രം എടുത്തുമാറ്റിയത് വഴി കോടികളുടെ അധിക ചെലവുണ്ടായി. ഇതിനെ ആരും വിമർശിക്കാറില്ലെന്നും ആന്‍റണി രാജു ആരോപിച്ചു. ജൂലൈ വരെ ഉള്ള ശമ്പളം കൊടുത്ത് തീർത്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനകം കൊടുക്കാൻ ഉള്ളത് മാത്രമാണ് ഇനി ബാക്കി ഉള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണകാലത്ത് ഹൈക്കോടതിയാണ് കൂപ്പണ്‍ കൊടുക്കാൻ ഉത്തരവിട്ടത്. കെഎസ്ആർടിസി കൂപ്പണ്‍ കൊടുക്കാൻ ഹൈക്കോടതിയോട് അനുമതി തേടിയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. സ്വിഫ്റ്റിന് ലഭിക്കുന്ന പണം കെഎസ്ആർടിസിക്ക് വേണ്ടിയാണ് അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 113 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. 104 കോടി ചെലവാക്കിയാണ് വാഹനങ്ങൾ വാങ്ങിയത്. നിലവിൽ 50 ബസുകൾ ഉണ്ട്. 15 ബർത്തും 27 സീറ്റുകളുമായി ആകെ 42 സീറ്റുകൾ ബസില്‍ ഉണ്ടാകും. പദ്ധതിയ്ക്കായി 500 കോടി കേന്ദ്രവും 500 കോടി സംസ്ഥാനവും 135 കോടി കോർപ്പറേഷനും മുടക്കും. 40 സ്മാർട്ട് സിറ്റി റോഡുകളിൽ പത്ത് എണ്ണം ഗതാഗത യോഗ്യമായെന്നും ഒന്‍പത് എണ്ണം പണി നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments