യാത്രക്കാര്‍ക്ക് തിരിച്ചടിയായി സൗജന്യ ചെക്ക് ഇന്‍ ബാഗ്ഗേജിന്റെ പരിധി കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. മുപ്പത് കിലോയില്‍ നിന്നും ഇരുപത് കിലോയായാണ് ബാഗ്ഗേജ് പരിധി കുറച്ചത്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വിമാന ടിക്കറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് എയര്‍ഇന്ത്യസിന്റെ തിരിച്ചടി.
ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചെക്ക് ഇന്‍ ബാഗ്ഗേജ് 30 കിലോയില്‍ നിന്നും 20 കിലോയായി ചുരുക്കി. പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 20 കിലോ ബാഗ്ഗേജും 7 കിലോ ഹാന്‍ഡ് ബാഗുമാണ് ഇനി അനുവദിക്കുക. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് പുതിയ നിയന്ത്രണം. എന്നാല്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ബാഗ്ഗേജ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കുന്നുണ്ട്. യുഎഇയില്‍ നിന്നും നിരവധി യാത്രക്കാരണ് എയര്‍ഇന്ത്യ എക്‌സ്പ്രസിനെ ആശ്രയിക്കുന്നത്. ഇതോടെ പുതിയ നിയന്ത്രണം യാത്രക്കാര്‍ക്ക് തിരിച്ചടിയാകും.
സൗജന്യ ബാഗ്ഗേജ് കൂടാതെ അധിക ഭാരമായി പരമാവധി അനുവദിക്കുന്നത് 15 കിലോ വരെ മാത്രമാണ്. ഇതിന് കിലോയ്ക്ക് 50 ദിര്‍ഹം വീതമാണ് ഈടാക്കുന്നത്. ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വലിയ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ നിയന്ത്രണം.