ഷാര്‍ജ: വമ്പന്‍ വിലക്കിഴിവും ആകര്‍ഷകമായ ഓഫറുകളുമായി റമദാന്‍ നൈറ്റ്‌സ് എക്‌സിബിഷന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം. വിവിധ ഉത്പന്നങ്ങള്‍ക്ക് എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. മാര്‍ച്ച് മുപ്പത് വരെയാണ് റമദാന്‍ നൈറ്റ്‌സ് നടക്കുന്നത്. നാല്‍പ്പത്തിരണ്ടാമത് റമദാന്‍ നൈറ്റ്‌സിനാണ് ഷാര്‍ജ് എക്‌സ്‌പോ സെന്ററില്‍ തുടക്കമായത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. 200ലധികം പ്രമുഖ റീടെയിലര്‍മാരും 500 ആഗോള, പ്രാദേശിക ബ്രാന്‍ഡുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകര്‍ഷകമായ വിലക്കിഴിവിലാണ് വിവിധ ഉത്പന്നങ്ങള്‍ എത്തിച്ചിരിക്കുന്നത്. 16,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദര്‍ശനത്തില്‍ 1,50,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുക്കുക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മുപ്പത് വരെയാണ് റമദാന്‍ നൈറ്റ്‌സ് നടക്കുന്നത്. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. ഭക്ഷ്യ സ്റ്റാളുകള്‍ കുടുംബ വിനോദ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും റമദാന്‍ നൈറ്റ്‌സിന്റെ ഭാഗമായി നടക്കും. സന്ദര്‍ശകര്‍ക്ക് സവിശേഷവും അവിസ്മരണീയവുമായ ഷോപ്പിംഗ്, വിനോദ അനുഭവം നല്‍കുന്നതിനായി എല്ലാ വര്‍ഷവും റമദാന്‍ നൈറ്റ്‌സ് പ്രദര്‍ശനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മദ്ഫ പറഞ്ഞു.