മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 ആണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്.10, 12 ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് വരെ ഇത് തുടരും. അവശ്യസേവനങ്ങള്‍ക്ക് അല്ലാതെ എത്തുന്ന ട്രക്കുകള്‍ക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല.
ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈപ്പ് ലൈനുകള്‍, മറ്റ് പൊതു പദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. കാഴ്ചപരിധി കുറഞ്ഞതിനാല്‍ ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും വൈകുകയാണ്. ബിഎസ് 3 ലെ പെട്രോള്‍ വാഹനങ്ങളും ബിഎസ് 6 വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിരോധനം ബാധകമല്ല.