ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം.വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിനുള്ള ഇസ്രയേല്‍ മന്ത്രിസഭാ യോഗം വൈകുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകളില്‍ ചിലത് പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിന് ഞായറാഴ്ച താത്കാലിക വിരാമമാകും എന്നായിരുന്നു മധ്യസ്ഥ രാജ്യങ്ങളുടെ പ്രഖ്യാപനം.മൂന്ന് ഘട്ടങ്ങളിലായി നീളുന്ന വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും എന്നായിരുന്നു പ്രഖ്യാപനം.എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിന് ഇസ്രയേല്‍ മന്ത്രിസഭ ഇന്ന് യോഗം ചേര്‍ന്നില്ല.പ്രാദേശികസമയം പതിനൊന്ന് മണിക്ക് മന്ത്രിസഭ യോഗം ചേരും എന്നായിരുന്നു പ്രഖ്യാപനം.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളില്‍ ചിലത് പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
കരാറിലെ മുഴുവന്‍ വ്യവസ്ഥകളും ഹമാസ് അംഗീകരിക്കും വരെ ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.ഈജിപ്ത് അതിര്‍ത്തിയില്‍ ഫിലാഡെല്‍ഫി ഇടനാഴിയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നത് സംബന്ധിച്ചാണ് തര്‍ക്കം എന്നാണ് റിപ്പോര്‍ട്ട്.ബന്ദികളുടെ മോചനത്തിന് പകരമായി ഇസ്രയേല്‍ ജയിലുകളില്‍ നിന്നും മോചിക്കേണ്ട പലസ്തീനികളുടെ കാര്യത്തിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്.അതെസമയം തന്നെ അന്തിമ ധാരണരൂപപ്പെടുത്തുന്നതിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.ഇസ്രയേല്‍ പ്രതിനിധി സംഘവും ദോഹയില്‍ തുടരുന്നുണ്ട്.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.