വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത് പൊലീസ് കോടതിയെ അറിയിച്ചു. കേസിലെ പ്രതിയായ തൃശൂർ സ്വദേശി ആന്‍റോ ഇപ്പോഴും ഒളിവിലാണ്. പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും.
സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് വിമാനത്തിൽ ഉണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം. കേസിൽ റിപ്പോർട്ട് നൽകാൻ കോടതി പോലിസിന് നിർദ്ദേശം നൽകി. സംഭവത്തിൽ എയർ ഇന്ത്യയോട്പോലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന ദിവസം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇത്. സംഭവത്തിൽ വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചത്. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.