ദുബൈ: ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി വിപണിയുടെ ലോകത്തിലെ പ്രധാന ഹബ്ബമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി നിലവിലെ മാര്‍ക്കറ്റുകളുടെ വലിപ്പം ഇരട്ടിയാക്കും. ദുബൈ മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും ദുബൈയില്‍ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ്ബ് നിര്‍മ്മിക്കുകയാണ്. പദ്ധതിയ്ക്കായി കരാറില്‍ ഒപ്പുവെച്ചു. ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധന മന്ത്രിയുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ലോകത്തിന്റെ വിവിധ മേഖലകളിലേക്കുള്ള കയറ്റുമതി, ഇറക്കുമതി, വിപണിയായി ദുബൈയെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മക്തും പറഞ്ഞു. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനായി വികസിപ്പിക്കും. മികച്ച നിലവാരത്തില്‍ വാണിജ്യ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. യുഎഇയുടെ ഭക്ഷ്യസുരക്ഷാ തന്ത്രത്തെ പിന്തുണയ്ക്കുന്നതാകും പദ്ധതിയെന്നും ഷെയ്ഖ് മക്തും പറഞ്ഞു. ഡിപി വേള്‍ഡിന്റെ കീഴില്‍ പഴം പച്ചക്കറി വിപണിയുടെ വിപുലീകരണം കൂടുതല്‍ നിക്ഷേപ അവസരങ്ങളെയും പ്രതീക്ഷിക്കുന്നുണ്ട്. ഇരു വകുപ്പുകളും തമ്മില്‍ ഒപ്പുവെച്ച കരാറിന് ഏകീകൃത നടപടിക്രമങ്ങളാകും സ്വീകരിക്കുക.