റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യ സന്ദര്‍ശിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലും യുക്രൈനിലും സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമം ആരംഭിക്കുന്നത്. ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയില്‍ എത്തും എന്നാണ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യം റഷ്യയിലും പിന്നീട് യുക്രൈനിലും സന്ദര്‍ശനം നടത്തിയ മോദി ഇരുരാജ്യങ്ങളിലേയും പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി മോദി ടെലിഫോണിലും ചര്‍ച്ചകള്‍ നടത്തിയിരുന്നു. നയതന്ത്രചര്‍ച്ചകളിലുടെ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിന് മധ്യസ്ഥം വഹിക്കുന്നതിനുള്ള സന്നദ്ധത നരേന്ദ്രമോദി ഇരുരാജ്യങ്ങളൂടെയും രാഷ്ട്രത്തലവന്‍മാരെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അജിത് ഡോവലിനെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി മോസ്‌ക്കോയിലേക്ക് അയക്കുന്നത്.യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയും യുക്രൈനും പ്രായോഗികമായ ചര്‍ച്ചകള്‍ നടത്തണം എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളത്.