പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ എയര്‍ലൈനുകളുടെ വിമാന റദ്ദാക്കലും തുടരുന്നു. ഇറാന്‍ ഇറാഖ് ലബനന്‍ എന്നിവിടങ്ങളിലേക്കുളള വിമാനങ്ങള്‍ വീണ്ടും റദ്ദാക്കുകയാണെന്ന് ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
ഇസ്രയേല്‍ ഒരു പക്ഷത്തും ഇറാനും ഹിസ്ബുള്ളയും ഹമാസും മറുപക്ഷത്തും നിന്നുള്ള ഏറ്റുമുട്ടലും യുദ്ധഭീതിയും പശ്ചിമേഷ്യയിലെ വ്യോമഗതാഗത വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വദേശത്ത് നിരവധി വിമാനസര്‍വീസുകള്‍ ആണ് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടത്. ഇറാഖിലെ ബാഗ്ദാദിലേക്കും ബസ്ര നഗരങ്ങളിലേക്കും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്കും ഉള്ള വിമാനങ്ങള്‍ തുടര്‍ന്നും റദ്ദാക്കുകയാണെന്ന് ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
ഒക്ടോബര്‍ പതിനാറ് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ദുബൈ വഴിയുള്ള ഇറാഖ് ഇറാന്‍ എന്നിവടങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരേയും സ്വീകരിക്കില്ലെന്നും എമിറേറ്റ്‌സ് അറിയിച്ചു.ഇസ്രയേല്‍ ഹിസ്ബുള്ള യുദ്ധം നടക്കുന്ന ലബനനിലേക്കുള്ള വിമാനങ്ങളും എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ പതിനഞ്ച് വരെയാണ് ലബനന്‍ വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുന്നത്.