യുദ്ധക്കെടുതികള്‍ നേരിടുന്ന ലബനനിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ച് യുഎഇ. നാല്‍പ്പത് ടണ്ണോളം സഹായവസ്തുക്കള്‍ ആണ് ആദ്യഘട്ടത്തില്‍ യുഎഇ ലബനനിലേക്ക് അയച്ചത്.ലബനനില്‍ കൂടുതല്‍ സഹായം എത്തിക്കും എന്ന് യുഎഇ വ്യക്തമാക്കി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് യുഎഇ ലബനിനില്‍ അടിയന്തരസഹായം എത്തിച്ച് നല്‍കിയത്. നാല്‍പ്പത് ഡണ്ണോളം വരുന്ന മെഡിക്കല്‍ വസ്തുക്കള്‍ ലോകാരോഗ്യസംഘടനയുമായി ചേര്‍ന്നാണ് യുഎഇ അയച്ചത്. ദുബൈ അല്‍മക്തും വിമാനത്താവളത്തില്‍ നിന്നും ആണ് സഹായവസ്തുക്കളുമായി വിമാനം പുറപ്പെട്ടത്.ലബനന്‍ ജനതയ്ക്ക് ഒപ്പം യുഎഇ സന്ദേശവുമായാണ് യുദ്ധകാലത്ത് അടിയന്തരസഹായം എത്തിക്കുന്നത്.
ലബനന് നൂറ് ദശലക്ഷം ഡോളറിന്റെ അടിയന്തരസഹായവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലബനനിലെ അടിയന്തരസാഹചര്യത്തില്‍ യുഎഇയുടെ പ്രതികരണത്തിന്റെ തുടക്കമാണെന്നും സാധ്യമായ രീതിയിലുള്ള സഹായം ദുരിതബാധിതര്‍ക്ക് എത്തിച്ച് നല്‍കും എന്നും യുഎഇ രാജ്യാന്തരസഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി പറഞ്ഞു.